അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്; കോണ്‍ഗ്രസ് ഭരണഘടനയില്‍ 85 ഭേദഗതികള്‍

 

ത്തീസ്ഗഡ് തലസ്ഥാനമായ റയ്പുരില്‍, എണ്‍പത്തഞ്ചാമത് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസിന് പുതിയ കരുത്തും യുവത്വത്തിന്റെ പ്രസരിപ്പും പ്രദാനം ചെയ്യുന്ന സംഘടനാ സംവിധാനത്തിലേക്കായി പാര്‍ട്ടി ഭരണഘടനയില്‍ പൊളിച്ചെഴുത്ത്. ചെറുതും വലുതുമായ 85 ഭേദഗതികളാണ് അംബികാ സോണി അധ്യക്ഷയായ ഭരണഘടനാ ഭേദഗതി കമ്മിറ്റി മുന്നോട്ടു വെച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ സ്റ്റിയറിംഗ് കമ്മിറ്റി മുമ്പാകെ വെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മേളനം അംഗീകാരം നല്‍കി.

ബിജെപിയെ താഴെയിറക്കാന്‍ ആരുമായും കൈകോര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. മൂന്നാം മുന്നണി അല്ല വേണ്ടത് എന്നും , കോണ്‍ഗ്രസ് ഉള്‍പ്പെട്ട സെക്കുലര്‍ മുന്നണി ആണ് വേണ്ടത് എന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം വിലയിരുത്തി.

പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് 50% സംവരണം, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50 % സംവരണം, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം 35 ആയി ഉയര്‍ത്തി, ഉദയ്പൂര്‍ ശിവിറില്‍ പറഞ്ഞ ' ഫിഫ്റ്റി അണ്ടര്‍ ഫിഫ്റ്റി'' എന്ന ആശയം ഭരണഘടനയില്‍ ഉള്‍പ്പെടുത്തി കോണ്‍?ഗ്രസ് ഭരണഘടന ഭേദഗതി ചെയ്തു.

ഡിജിറ്റല്‍ അംഗത്വങ്ങളും ഓണ്‍ലൈന്‍ സംഭാവനകളുമായിരിക്കും ഇനി കോണ്‍ഗ്രസില്‍ ഉണ്ടാവുക. 2025 ജനുവരി 1 മുതല്‍ കോണ്‍ഗ്രസിന് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പുകള്‍ മാത്രമേ ഉണ്ടാകൂ. സംഘടനാ ഘടനയിലും മാറ്റങ്ങളുണ്ടാകും. ബൂത്തുകളെ പ്രാഥമിക യൂണിറ്റായി നിശ്ചയിച്ചു. പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റി, നഗരപ്രദേശങ്ങളിലെ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി, മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി, പ്രദേശ് കോണ്‍ഗ്രസ് കോണ്‍ഗ്രസ് കമ്മിറ്റി എന്നിവയുടെ ജനറല്‍ ബോഡിയും എക്‌സിക്യൂട്ടീവും നടത്തുന്നതിനുള്ള കാലയളവും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്.ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് അംഗത്വം നല്‍കും. എഐസിസി അംഗങ്ങളുടെ എണ്ണത്തിലും, വര്‍ധനവ് വരും. എട്ട് പിസിസി പ്രതിനിധികള്‍ക്ക് ഒരു എഐസിസി അംഗത്തെ തിരഞ്ഞെടുക്കാമെന്ന ഭരണഘടന വ്യവസ്ഥ 6 പിസിസി പ്രതിനിധികള്‍ ഒരു എഐസിസി അംഗത്തെ തിരഞ്ഞെടുക്കുക എന്നായി ഭേദഗതി ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട
എഐസിസി അംഗങ്ങളുടെ എണ്ണം 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ (സി.ഡബ്ല്യു സി) അംഗബലവും ഉയര്‍ത്തി. നിലവിലെ 23 സി ഡബ്ല്യു സി അംഗങ്ങളില്‍ നിന്ന് 35 അംഗങ്ങളായാണ് ഉയര്‍ത്തിയത്. 18 അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടും.