സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍, ഉച്ചതിരിഞ്ഞ് അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

 


തിരുവനന്തപുരം- ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസ്  കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് യോഗം ചേരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാര്‍, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാര്‍ എന്നിവരുടെ അടിയന്തിര യോഗമാണ് ചേരുന്നത്.

രാവിലെ ഐ എം എ അടക്കമുള്ള സംഘടനകളുടെ ഭാരവാഹികളുമായി രാവിലെ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സംഘടനകളുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഉച്ചതിരിഞ്ഞ് യോഗം വിളിച്ചിരിക്കുന്നത്. ആവശ്യങ്ങളില്‍ തീരുമാനമാകും വരെ സമരം തുടരുമെന്ന് ഐ എം എ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം, ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി വീണാ ജോര്‍ജിന് പിന്തുണയുമായി ഐ.എം.എ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു. ഈ സംഭവം മന്ത്രിയെ അറിയിച്ചപ്പോള്‍ത്തന്നെ മന്ത്രി കരയുകയായിരുന്നു. മന്ത്രി അങ്ങനെ പറയുമെന്ന് ഒട്ടും കരുതുന്നില്ല. വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാകാമെന്ന് ഡോ സുല്‍ഫി പറഞ്ഞു.