ചന്ദ്രനെ തൊടാന്‍ കുതിച്ച് ചന്ദ്രയാന്‍ മൂന്ന്; ബഹിരാകാശത്ത് ചാന്ദ്ര ജുഗല്‍ബന്ദി നടത്തി റഷ്യയും ഇന്ത്യയും

 

ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനെ തൊടാന്‍ കുതിപ്പ് തുടരുമ്പോള്‍ റഷ്യയും ഇന്ത്യയും തമ്മില്‍ ഒരു ചാന്ദ്ര ജുഗല്‍ബന്ദി നടക്കുന്നുണ്ട് ബഹിരാകാശത്ത്. ഇന്ത്യന്‍ പ്രതീക്ഷയുമായി ചാന്ദ്രയാന്‍ മൂന്ന് ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാന്‍ഡിങിന് തയ്യാറാകുമ്പോള്‍ റഷ്യയുടെ ലൂണ 25 ഉം ചന്ദ്രനിലേക്ക് കുതിക്കുകയാണ്. ഓഗസ്റ്റ 21 നും 23 നും ഇടയില്‍ ലൂണ ചന്ദ്രനിലിറങ്ങും. 

ഇന്ത്യയും റഷ്യയും തമ്മില്‍ ഭൂമിയും ആകാശവും കഴിഞ്ഞ് ബഹിരാകാശത്ത് ഒരു മത്സരം നടക്കുകയാണ് . 23ന് കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്‌നവുമായി ചന്ദ്രനെ തൊടും ചാന്ദ്രയാന്‍ മൂന്ന്. 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഷ്യ ചാന്ദ്രദൗത്യത്തിനൊരുങ്ങിയത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യം. ഓഗസ്റ്റ് പത്തിന് വിക്ഷേപിച്ച ലൂണ 25 ഓഗസ്റ്റ് 16ന് ചാന്ദ്രഭ്രമണപഥത്തില്‍ പ്രവേശിച്ചു.

ജൂലൈ 14ന് ചാന്ദ്രയാന്‍ വിക്ഷേപിച്ച് ഒരു മാസത്തിന് ശേഷമാണ് ലൂണ സോയൂസ് റോക്കറ്റില്‍ വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് നേരിട്ടുള്ള സഞ്ചാരപഥം തെരഞ്ഞെടുത്തതാണ് വൈകി വിക്ഷേപിച്ച റഷ്യന്‍ ലൂണ ചാന്ദ്രയാനെക്കാളും വേഗത്തില്‍ ചന്ദ്രനിലിറങ്ങുന്നത്. ഭാരം കുറഞ്ഞ പേലോഡും കൂടുതല്‍ ഇന്ധന സംഭരണവും റഷ്യയുടെ ലൂണയക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നു.

3900 കിലോഗ്രാം ഭാരമുള്ള ചാന്ദ്രയാനെ അപേക്ഷിച്ച് ലൂണ 25ന് 1750 കിലോഗ്രാമാണ് ഭാരം. ചന്ദ്രയാന്റെ ലാന്‍ഡര്‍ റോവറിന് മാത്രം 1752 കിലോഗ്രാം ഭാരമുണ്ട്. പ്രൊപ്പല്‍ഷന്‍ മോഡ്യൂളിന് 2148 കിലോയും. ഒപ്പം ലൂണ റോവര്‍ വഹിക്കുന്നില്ല. ചന്ദ്രയാന്‍ 3 ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണബലം പ്രയോജനപ്പെടുത്തി ഇരു ഗ്രഹങ്ങളുടെയും ഭ്രമണ പഥം പലതവണ വലം വെച്ചുകൊണ്ടാണ് ലക്ഷ്യസ്ഥാനം തേടി പോവുന്നത്.

ഇരു പേടകങ്ങളും ദക്ഷിണധ്രുവം തേടിയാണ് യാത്ര ചെയ്യുന്നത്. ചന്ദ്രനിലൊളിപ്പിച്ച ജലസാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന ദക്ഷിണ ധ്രുവത്തില്‍ ആദ്യമാരിറങ്ങുമെന്ന മത്സരം. എന്നാല്‍ ഇരു രാജ്യങ്ങളും അത്തരമൊരു മത്സരത്തിനില്ലെന്നാണ് ഐഎസ്ആര്‍ഒ വിശദീകരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും ചന്ദ്രനില്‍ കൂടിക്കാഴ്ചയ്ക്ക് ഒരിടമെന്നാണ് ഐഎസ്ആര്‍ഒ ഭാഷ്യം. ചന്ദ്രനില്‍ സ്ഥിരതാമസമെന്ന സ്വപ്‌നത്തിലേക്ക് ഒരുമിച്ച് കുതിക്കുന്ന റഷ്യക്ക്ും ചൈനയ്ക്കുമൊപ്പം തന്നെ അമേരിക്കയുമായി ചേര്‍ന്ന് ആര്‍ട്ടെമീസ് ദൗത്യത്തിനൊപ്പമാണ് ഇന്ത്യ.

നാല്‍പ്പത് ദിവസത്തെ ഇന്ത്യന്‍ കാത്തിരിപ്പും പത്ത് ദിവസമെടുത്ത റഷ്യന്‍ കാത്തിരിപ്പിലും ഒരുപടി അധികം നേട്ടം നമുക്ക് തന്നെയാണ്. 2019ന് ശേഷം മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും അമ്പിളി വട്ടത്തിലേക്ക് ഇന്ത്യ കുതിച്ചപ്പോള്‍  47 വര്‍ഷം വേണ്ടി വന്നു റഷ്യക്ക്  ചന്ദ്രനിലേക്ക് യാത്ര പോകാന്‍