കര്‍ണാടകം നാളെ പോളിംഗ് ബൂത്തിലേക്ക്, വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

 


ര്‍ണാടകയില്‍ പരസ്യപ്രചാരണം അവസാനിച്ചതോടെ അവസാന വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും. അഴിമതിയും വികസനവും വര്‍ഗ്ഗീയതയും തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്താണ് പ്രചാരണം അവസാനിച്ചത്.. ഒരു മാസം നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് കര്‍ണാടക നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.

ജാതി വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണം. സര്‍ക്കാറിന് എതിരെ കരാറുകാര്‍ ഉയര്‍ത്തിയ 40% കമ്മീഷന്‍ ആരോപണവും കോണ്‍ഗ്രസ് ആളിക്കത്തിച്ചു. ക്ഷീര കര്‍ഷകരുടെയും കരിമ്പ് കര്‍ഷകരുടെയും ദുരിതങ്ങളും പ്രചാരണത്തില്‍ പ്രധാന ചര്‍ച്ചയായി. ഭരണവിരുദ്ധ വികാരത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. അതേസമയം ബസവരാജ ബൊമൈ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപി പ്രതിരോധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ബജ്രംഗ് ദള്‍ നിരോധന പ്രഖ്യാപനവും തുണയാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

കോണ്‍ഗ്രസിന്റെ 5 ജനപ്രിയ വാഗ്ദാനങ്ങളും രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രചാരണവുമാണ് ബിജെപിക്ക് മറ്റൊരു വെല്ലുവിളി. ലിംഗായത്ത് വിഭാഗത്തിലെ ബിജെപി നേതാക്കളായ ജഗദീഷ് ഷെട്ടര്‍, ലക്ഷ്മണ്‍ സാവദി എന്നിവര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതും ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. വീരശൈവ ലിംഗായത്ത് ഫോറം കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് ഉള്‍പ്പെടെ നിര്‍ണായക നീക്കങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കന്നട മണ്ണ് സാക്ഷ്യം വഹിച്ചു.

ത്രികോണ മത്സരത്തിന് വഴിയൊരുക്കിയ ജെഡിഎസ് കിംഗ് മേക്കര്‍ ആയി മാറുമോ എന്നറിയാന്‍ 13 വരെ കാത്തിരിക്കേണ്ടിവരും. കര്‍ഷകരിലും മുസ്ലിം വോട്ടുകളിലുമാണ് ജെഡിഎസ് പ്രതീക്ഷ. പ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ മോദിയും പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോകളിലെ ജനപങ്കാളിത്തം ഇരു വിഭാഗത്തിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആയി വേ വിലയിരുത്തപ്പെടുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ്.