കൈതോലപ്പായയില്‍ പൊതിഞ്ഞ് ഉന്നതന്‍ രണ്ടു കോടി കടത്തി, ആരോപണവുമായി ശക്തിധരന്‍

അന്വേഷണം വേണമെന്ന് ബെന്നി ബഹന്നാന്‍
 

തിരുവനന്തപുരം- ഭരണത്തിലെ ഉന്നതന്‍ വാങ്ങിയ 2 കോടി 35,000 രൂപ എണ്ണിത്തിട്ടപ്പെടുത്താന്‍ താന്‍ സഹായിച്ചെന്ന ദേശാഭിമാനി മുന്‍പത്രാധിപസമിതിയംഗം ജി ശക്തിധരന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ഈ പണം കലൂരിലെ തന്റെ പഴയ ഓഫീസില്‍ വെച്ച് എണ്ണിത്തിട്ടപ്പെടുത്തി കൈതോല പായയില്‍ പൊതിഞ്ഞ് അര്‍ധരാത്രിയില്‍ ഇന്നോവ കാറിന്റെ ഡിക്കിയില്‍ ഇട്ട് തിരുവനന്തപുരത്തേക്ക് കൊണ്ട് പോയെന്നാണ് ശക്തിധരന്‍ പറയുന്നത്.  തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ അദ്ദേഹം വളരെ ജനപ്രിയനാണ്, ഇപ്പോള്‍ ഒരു സാധാരണ കള്ള് ചെത്തുകാരന്റെ കോടീശ്വരനായ മകന്‍. നിലവില്‍ മന്ത്രിസഭയില്‍ അംഗമായ ഒരാളും കാറിലുണ്ടായിരുന്നതായി വെളിപ്പെടുത്തലുണ്ട്. മറ്റൊരവസരത്തില്‍ കോവളത്തെ ഒരു ഹോട്ടലില്‍ വച്ച് പത്ത് ലക്ഷം രൂപയുടെ രണ്ടു കെട്ടുകള്‍ ഉന്നതന്‍ കൈപ്പറ്റിയെന്നും ശക്തിധരന്‍ ആരോപിച്ചിട്ടുണ്ട്.

allowfullscreen

ശക്തിധരന്റെ ആരോപണത്തെ പിന്തുണച്ചും വിയോജിച്ചും നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തുവന്നു. ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ബെന്നി ബെഹന്നാന്‍ എംപി ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ച ശക്തിധരന് സംരക്ഷണം നല്‍കണമെന്നും ബെന്നി ബെഹന്നാന്‍ ആവശ്യപ്പെടുന്നു.സിപിഎം നേതാക്കളുമായി വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്ന ഒരു വ്യക്തി ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ അതിനെപ്പറ്റി ഒരു അടിയന്തര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ശക്തിധരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യതയും സര്‍ക്കാറിനുണ്ട്. അതിനുള്ള നടപടികള്‍ എത്രയുംപെട്ടെന്നു തന്നെ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു- ഫേസ്ബുക്ക് വീഡിയോയിലൂടെ ബെന്നി ബെഹന്നാന്‍ പറഞ്ഞു.

അതേസമയം ശക്തിധരന്റെ ആരോപണത്തില്‍ ഒരുപാട് പൊരുത്തക്കേടുകളുള്ളതായി സി പി എം അനുഭാവികള്‍ പറയുന്നു. വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജി ശക്തിധരനെ സി പി എം പുറത്താക്കിയത് 2004-2005 കാലത്താണ്. ഇന്ത്യയില്‍ ഇന്നോവയുടെ ലോഞ്ചിംഗ് നടന്നത് തന്നെ 2005 മാര്‍ച്ച് മൂന്നിനാണ്. വിമതപക്ഷത്തെ പ്രമുഖനായിരുന്ന ജി ശക്തിധരനെക്കൊണ്ട് എങ്ങനെ നോട്ടെണ്ണിക്കുമെന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നുണ്ട്. ഇത്രയും വലിയ തുക കൈതോലപ്പായയില്‍ എങ്ങനെ പൊതിയുമെന്ന് ചോദിക്കുന്നവരുമുണ്ട്.

ദിലീപ് രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ഗസ്റ്റ്‌ഹൌസില്‍ എത്തി പിണറായി വിജയനു രണ്ടു കോടി രൂപ പണമായി കൈമാറുമ്പോള്‍ താനും അവര്‍ക്കൊപ്പമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി ഒരു ദീപക് കുമാര്‍ അവതരിച്ചത് 2010 ഏപ്രില്‍ മാസത്തിലാണെന്നും അക്കഥയുടെ മസ്തിഷ്‌കങ്ങളില്‍ നിന്ന് വന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും അവര്‍ പരിഹസിക്കുന്നു.