കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ വെന്തുമരിച്ചു

 
കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ച് 
രണ്ട് പേർ വെന്ത്‌ മരിച്ചതിന്റെ നടുക്കത്തിലാണ് നാട്. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലാണ് ഇന്ന് വൈകിട്ടോടെ ദാരുണ സംഭവം നടന്നത്. പാലോട് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് വെന്തുമരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ സിഎൻജി സിലിണ്ടറിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനമെന്ന് കണ്ണൂർ പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. സിലിണ്ടർ ലീക്കായതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് അനുമാനമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. 
 കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു.
സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനക്കുശേഷമെ അപകടകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം 
ബസ് അമിതവേഗത്തിൽ എത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. വാഹനം മറിഞ്ഞതിന് പിന്നാലെ തീ ആളിപടർന്നതിനാൽ ഓട്ടോയിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാനായില്ല. ഫയർഫോഴ്‌സ് എത്തി തീയണച്ചതിന് ശേഷമാണ് രണ്ട് പേരുടെയും മൃതദേഹം പുറത്തെടുത്തത്.
അഗ്നിരക്ഷാ സേനയും സ്ഥലത്തെത്താൻ വൈകിയതായാണ് നാട്ടുകാരുടെ ആരോപണം.
തീ ആളിക്കത്തിയതിനെ തുടർന്ന് ആർക്കും ഓട്ടോയുടെ അടുത്തേക്ക് എത്താൻ പോലും സാധിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു. തുടർന്ന് തൊട്ടടുത്തുള്ള സർവ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന ഒരാളാണ് തീയണച്ചത്. പിന്നീടാണ് ഫയർഫോഴ്സെത്തിയത്. കത്തിക്കരിഞ്ഞ അവസ്ഥയിലാണ് ഇരുവരെയും പുറത്തെടുത്തത്. അപകടമുണ്ടാക്കിയ ഇതേ ബസ് ഇതേ സ്ഥലത്ത് വെച്ച് മുമ്പും അപകടമുണ്ടാക്കിയിട്ടുണ്ടെന്നും പ്രദേശവാസികളിലൊരാൾ വെളിപ്പെടുത്തി. 
അഭിലാഷിന്റെ സഹോദരിയുടെ വീടുണ്ട് ആറാം മൈലിൽ. അവിടെ വന്നതിന് ശേഷം തിരികെ പോകുന്ന സമയത്താണ് അപകടമുണ്ടായത്. അഭിലാഷിന് മൂന്ന് മക്കളാണുളളത്. സജീഷ് തൊഴിലാളിയാണ്. ഓട്ടോ മറിഞ്ഞ സമയത്ത് ഇരുവരും ഓട്ടോയുടെ അടിയിലായിപ്പോയി. മാത്രമല്ല തീയുടെ ചൂടുമൂലം ആർക്കും അടുക്കാനും സാധിച്ചില്ല. ഓട്ടോ മറിഞ്ഞ ഉടൻ തന്നെ തീ ആളിക്കത്തിയെന്നും നാട്ടുകാർ പറഞ്ഞു.