മുഖ്യമന്ത്രിമാരുടെ ആസ്തി പുറത്ത്; ജഗന്‍ മുന്നില്‍; പിണറായിയും മമതയും പിന്നില്‍ 

 

രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ പുറത്ത് വിട്ട് ഇലക്ഷന്‍ വാച്ച്‌ഡോഗായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ആസ്തി വിവരങ്ങള്‍ ശേഖരിച്ചത്. നിലവിലെ 30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടീശ്വരന്‍മാരാണ്. ആന്ധാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ തുടങ്ങിയവരാണ് ഏറ്റവും ആസ്തി കുറഞ്ഞ മുഖ്യമന്ത്രിമാര്‍. 
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ജഗന്‍മോഹന്‍ റെഡ്ഡിക്ക് ആകെ 510 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവാണ്. ആകെ 163 കോടി രൂപയുടെ ആസ്തിയാണ് പെമയ്ക്കുള്ളത്. മൂന്നാം സ്ഥാനത്ത് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ആണ്. നവീനിന് ആകെ 63 കോടി രൂപയുടെ ആസ്തിയുണ്ട്. നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫിയു റിയോയ്ക്ക് 47 കോടിയും പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് 39 കോടിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് 23 കോടി രൂപയുമാണ് ആസ്തി.
അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കാണ് ഏറ്റവും കുറവ് ആസ്തി. ഏകദേശം 15 ലക്ഷം രൂപയാണ് മമതയുടെ ആസ്തി. ഇതിന് തൊട്ടുമുകളില്‍ ആണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനം. 1.18 കോടി രൂപയാണ് പിണറായിയുടെ ആസ്തി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാലിന് 1.27 കോടി രൂപയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും  മൂന്ന് കോടി രൂപയിലധികം ആസ്തി ഉണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് 8.8 കോടിയാണ് ആസ്തി.
28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുടേയും ആസ്തി വിവരങ്ങളാണ് പട്ടികയില്‍ ഉള്ളത്. 30 മുഖ്യമന്ത്രിമാരില്‍ 13 പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രണ്ട് ക്രിമിനല്‍ കേസുകളാണുള്ളത്. തെലങ്കാന മുഖ്യമന്ത്രിക്കെതിരെ 64 കേസുകളും തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരെ 47 കേസുകളും ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ 38 കേസുകളും ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ 13 കേസുകളുമുണ്ട്.