അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

ആഘോഷങ്ങള്‍ വേണ്ടെന്നും കോടതി

 

കൊച്ചി- ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അരിക്കൊമ്പനെ മാറ്റുന്നത് സോഷ്യമീഡിയ ആഘോഷമായി മാറരുതെന്നും ആഹ്ലാദപ്രകടനങ്ങള്‍ വേണ്ടെന്നും കോടതി വ്യക്തമാക്കി.
വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‍മേല്‍ കോടതി നിരവദി സംശയങ്ങള്‍ ചോദിച്ചു. പറമ്പിക്കുളം എന്തുകൊണ്ട് ശിപാര്‍ശ ചെയ്തു എന്ന് ഹൈകോടതി ചോദിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് പറ്റില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതിയില്ലെയെന്നും  കോടതി ചോദിച്ചു. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. അതുകൊണ്ടു തന്നെ ഏറ്റുമുട്ടലുകള്‍ക്ക് സാധ്യതയില്ലെന്ന് സമിതി വിശദീകരണം നല്‍കി. മദപ്പാടുള്ള ആനയെ എങ്ങനെ മാറ്റുമെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇതിനുള്ള മാര്‍ഗങ്ങളും സമിതി നിര്‍ദേശിച്ചു. മയക്കുവെടി വെച്ച് ആറ് മണിക്കൂര്‍ കൊണ്ട് പറമ്പിക്കുളത്ത് ആനെയെ എത്തിക്കാന്‍ കഴിയുമെന്ന് സമിതി വ്യക്തമാക്കി.
മനുഷ്യ- മൃഗ സംഘര്‍ഷത്തെപ്പറ്റി സര്‍ക്കാരിന് മുന്നില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമഗ്രമായ പഠനം ഇക്കാര്യത്തില്‍ ആവശ്യമാണ്.  പൊതു ജനങ്ങളുടെ  ബുദ്ധിമുട്ട് തിരിച്ചറിയാന്‍ പബ്‌ളിക് ഹിയറിങ് നടത്തണം. 24 മണിക്കൂറും ജാഗ്രതയ്ക്കുളള സംവിധാനം വേണം. ദീര്‍ഘകാല പരിഹാരമാണ് ആവശ്യം. അരിക്കൊമ്പന്‍ ഒറ്റപ്പെട്ട വിഷമയല്ല .ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ നേരത്തെ സ്വീകരിക്കേണ്ടതായിരുന്നു. കേന്ദ്ര സര്‍ക്കാരും കേസില്‍ കക്ഷി ചേരണം, കൂട്ടുത്തരവാദിത്വം ഉണ്ടെങ്കിലേ പരിഹാരമുണ്ടാകൂയെന്നും കോടതി വ്യക്തമാക്കി.