അരിക്കൊമ്പന്‍ സിങ്കുകണ്ടത്ത്, ദൗത്യസംഘം വലയം ചെയ്തു, പടക്കംപൊട്ടിച്ച് താഴേക്കിറക്കുന്നു

 

ഇടുക്കി- ഇന്നലെ 150 അംഗ ദൗത്യസംഘം അരിച്ചുപെറുക്കിയിട്ടും മറഞ്ഞു നിന്ന അരിക്കൊമ്പനെ  സിങ്കുകണ്ടത്ത് കണ്ടെത്തി. അരിക്കൊമ്പന് തൊട്ടടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിക്കഴിഞ്ഞു. സിങ്കുകണ്ടത്ത് നിന്ന് മലമുകളിലേക്ക് നീങ്ങിയ അരിക്കൊമ്പനെ വനംവകുപ്പ് പടക്കം പൊട്ടിച്ച് താഴേക്കിറക്കിക്കൊണ്ടിരിക്കുകയാണ്. അരിക്കൊമ്പനെ ദൗത്യത്തിന് അനുയോജ്യമായ സ്ഥലത്തെത്തിച്ചാല്‍ മാത്രമാണ് മയക്കുവെടി വെക്കാന്‍ സാധിക്കൂ.
ഇന്നലെ വൈകീട്ടോടെ ശങ്കരപാണ്ടി മേട്ടില്‍ കണ്ടെത്തിയ അരിക്കൊമ്പന്‍ ഇന്നലെ രാത്രി അവിടെ നിന്ന് താഴേക്കിറങ്ങി ദേശീയപാതകടന്ന് താഴേക്കിറങ്ങിയാണ് സിങ്കകണ്ടത്ത് എത്തിയത്. അരിക്കൊമ്പനൊപ്പം മറ്റൊരാന കൂടിയുണ്ട്. അരിക്കൊമ്പന് ചുറ്റുമായി ദൗത്യസംഘം നിലയുറപ്പിച്ചിട്ടുണ്ട്. ദൗത്യസംഘത്തിന്റെ വലയത്തിലായെങ്കിലും ഇവിടേക്ക് വാഹനം എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ആനയെ പടക്കം പൊട്ടിച്ച് മാറ്റുക മാത്രമാണ് പോംവഴി. അനുയോജ്യമായ സ്ഥലത്തേക്ക് കുങ്കിയാനകളും നിലയുറപ്പിച്ചിട്ടുണ്ട്. എങ്കിലും മയക്കുവെടി വെച്ചാല്‍ എത്ര ദൂരം വരെ അരിക്കൊമ്പന്‍ ഓടുമെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.