അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു, തുമ്പിക്കൈക്ക് പരിക്ക്

 

കമ്പം- കാടിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവെച്ചു. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ അരിക്കൊമ്പനെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ച് ഇന്ന് പുലര്‍ച്ചെ 12.30നാണ് മയക്കുവെടി വെച്ചത്. കുങ്കിയാനകള്‍ ചേര്‍ന്ന് എലഫെന്റ് ആംബുലന്‍സില്‍ കയറ്റിയ അരിക്കൊമ്പനെ മേഘമലയിലെ വെള്ളിമലയിലേക്കോ വാല്‍പ്പാറ സ്ലിപ്പിലേക്കോ മാറ്റാനും സാധ്യത. തമിഴ്‌നാടിന്റെ ആനപരിപാലന കേന്ദ്രമാണ് വാല്‍പ്പാറ സ്ലിപ്പ്.ആനയെ എവിടെയാണ് ഇറക്കിവിടുക എന്ന കാര്യം തമിഴ്‌നാട് വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല. അരിക്കൊമ്പന്റെ തുമ്പിക്കൈക്ക് സാരമായ പരിക്കുണ്ട്. കൊണ്ടുപോകുന്ന വഴിയില്‍ മയക്കത്തില്‍ നിന്നുണര്‍ന്ന അരിക്കൊമ്പന്‍ തുമ്പിക്കൈ പുറത്തിട്ടതിനാല്‍ ഏറെ നേരം വഴിയില്‍ നിര്‍ത്തിയിടേണ്ടി വന്നു. ബൂസ്റ്റര്‍ ഡോസ്  നല്‍കി വീണ്ടും മയക്കിയാണ് തുമ്പിക്കൈ അനിമല്‍ ആംബുലന്‍സിനുള്ളിലേക്കിട്ടത്.

മൂന്നാറിലെ ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റിയത് കഴിഞ്ഞ ഏപ്രില്‍ 29-നാണ്. എന്നാല്‍ അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്ന അരിക്കൊമ്പന്‍ മേഘമലയിലെയും പിന്നീട് കമ്പത്തെയും ജനവാസ മേഖലയിലിറങ്ങി ഭീതിവിതച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ തമിഴ്‌നാട് വനംവകുപ്പ് ആനയെ മയക്കുവെടിവെച്ച് തളയ്ക്കാന്‍ ദൗത്യസംഘത്തെ നിയോഗിക്കുകയായിരുന്നു. ഒരാഴ്ചയോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ദൗത്യസംഘം ആനയെ മയക്കുവെടി വെച്ചത്.