അരിക്കൊമ്പനൊപ്പം പത്തോളം കാട്ടാനകള്‍, മയക്കുവെടി വൈകുന്നു

 

ഇടുക്കി- അരിക്കൊമ്പനൊപ്പം പത്തോളം കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുന്നത് മിഷന്‍ അരിക്കൊമ്പന് പ്രതിസന്ധി ഉയര്‍ത്തുന്നത്. ആനക്കൂട്ടത്തില്‍ നിന്നും അരിക്കൊമ്പനെ ഒറ്റ തിരിച്ച് കുങ്കിയാനകള്‍ നിലയുറപ്പിച്ചിരിക്കുന്ന ഭാഗത്തേക്ക് നീക്കുക എന്നതാണ് വനംവകുപ്പിന്റെ ലക്ഷ്യം. എന്നാല്‍ ആനകള്‍ വിപരീത ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങിയത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 8 മണിയോടെ അരിക്കൊമ്പന്‍ ആനക്കൂട്ടത്തില്‍ നിന്ന് മാറി 301 കോളനി ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ദൗത്യസംഘത്തിന്റെ നിരീക്ഷണ വലയത്തില്‍ നിന്ന് അരിക്കൊമ്പന്‍ മാറിയതോടെ സംഘം പുതിയ സ്ഥലത്തേക്ക് നീങ്ങിയിരിക്കുകയാണ്.
അരിക്കൊമ്പന്‍ എവിടേക്ക് നീങ്ങുമെന്നത് ദൗത്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ആനയിറങ്കില്‍ ഡാം ഭാഗത്തേക്ക് ആന പോയാല്‍ മയക്കുവെടിവെക്കുക ദുഷ്‌കരമാകും. വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി സംഘവും ആദ്യം നിലയുറപ്പിച്ചിരുന്ന സിമന്റ് പാലം ഭാഗത്തു നിന്ന് കാട്ടില്‍ കൂടുതല്‍ ഉയര്‍ന്ന സ്ഥലത്തേക്ക് നീങ്ങിയിരിക്കുകയാണ്.