അരിക്കൊമ്പനെ കൊണ്ടു പോകുന്നത് പെരിയാര്‍ കടുവാസങ്കേതത്തിനടുത്തേക്ക്?

 

ഇടുക്കി- മൂന്നു ഡോസ് മയക്കുവെടിയില്‍ കീഴടങ്ങിയ അരിക്കൊമ്പനെ കുങ്കിയാനകള്‍ ചേര്‍ന്ന് അനിമല്‍ ആംബുലന്‍സില്‍ കയറ്റാനുള്ള ശ്രമം തുടങ്ങി. വാഹനത്തില്‍ കയറ്റിയാലുടന്‍ ഇന്നു തന്നെ അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയര്‍ഓട എന്ന ഭാഗത്തേക്ക് മാറ്റുമെന്നാണ് വിവരം. ജാഗ്രത പാലിക്കാന്‍ ചിന്നക്കനാല്‍ മുതല്‍ കുമളി വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക് ഇടുക്കി എസ് പി നിര്‍ദ്ദേശം നല്‍കിയതോടെയാണ് ആനയെ കൊണ്ടു പോകുന്നത് പെരിയാര്‍ കടുവ സങ്കേതത്തിലേക്കാണെന്ന് വ്യക്തമായിരിക്കുന്നത്. എന്നാല്‍ മാധ്യമ ശ്രദ്ധ തിരിച്ചുവിട്ട് മറ്റെവിടേക്കെങ്കിലും ആനയെ മാറ്റുമോ എന്ന് വ്യക്തമല്ല.
സിമന്റ് പാലം മേഖലയിലെ ദൗത്യമേഖലയിലെത്തിച്ചാണ് അരിക്കൊമ്പനെ വനംവകുപ്പ് സംഘം മൂന്നു ഡോസ് മയക്കുവെടിവെച്ചത്. മയങ്ങിത്തുടങ്ങിയ ആന കൂടുതല്‍ മുന്നോട്ടു പോകുന്നത് തടയാന്‍ കുങ്കിയാനകള്‍ ചുറ്റും നിലയുറപ്പിച്ചു. ആനക്ക് പ്രതികരിക്കാന്‍ കഴിയുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം വനപാലകര്‍ വലിയ വടങ്ങളുമായി ആനക്കരികിലെത്തി. പിന്‍കാലിലാണ് ആദ്യം വടം കെട്ടിയത്. കാലില്‍ വടംകെട്ടിയപ്പോല്‍ ആന ഒന്നു തിരിഞ്ഞെങ്കിലും മുന്നോട്ടു നീങ്ങാനായില്ല.