കമ്പം വിറപ്പിച്ച അരിക്കൊമ്പന്‍ കാടുകയറി, 'അരിശിക്കൊമ്പന്‍ ദൗത്യം' തുടരും

 


ഇടുക്കി- ഓപ്പറേഷന്‍ അരിശിക്കൊമ്പനുമായി തമിഴ്‌നാട് വനവകുപ്പ് രംഗത്തിറങ്ങിയതോടെ കമ്പം പട്ടണം വിട്ട് മേഘമലയിലേക്ക് കടന്ന് അരിക്കൊമ്പന്‍. ഇതോടെ ആനയെ മയക്കുവെടി വെച്ച് പിടികൂടുന്ന കാര്യം അനിശ്ചിതത്വത്തിലായി. കമ്പത്തു നിന്നും ചുരുളിപ്പെട്ടിയിലെത്തിയ അരിക്കൊമ്പന്‍ അവിടെ നിന്നും കൂനതാച്ചി റിസര്‍വ് വനത്തില്‍ കയറി മേഘമല ഭാഗത്തേക്ക് പോകുന്നതായാണ് ഏറ്റവും പുതിയ വിവരം. കമ്പത്തു നിന്ന് പത്തുകിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. ഇവിടെ നിന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് നേരിട്ട് എത്താനാകും. എന്നാല്‍ കമ്പം കൃഷിയിടങ്ങളാല്‍ സമ്പന്നമായതിനാല്‍ രാത്രി സമയത്ത് പോയ വഴിയെ ആന തിരിച്ചെത്തി കൃഷി നശിപ്പിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

വനത്തിനുള്ളിലേക്ക് കടന്നെങ്കിലും തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനായുള്ള പരിശോധന തുടരുകയാണ്. നിരീക്ഷണത്തിനായി വിഎച്ച്എഫ് ആന്റിന ഉള്‍പ്പെടെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും കൂതനാച്ചിയിലെത്തിയിട്ടുണ്ട്. ഫീല്‍ഡ് ഡയറക്ടര്‍ പദ്മാവതി, മയക്കുവെടി വിദഗ്ധന്‍ കലൈവാനന്‍ എന്നിവര്‍ സംഘത്തിലുണ്ട്.

കാടുകയറിയ ആനയെ മയക്കുവെടി വെക്കുക അസാധ്യമാണ്. അതിനാല്‍ ആനയുടെ നീക്കം നിരീക്ഷിച്ച് മേഖലയില്‍ തുടരുകയാണ് ദൗത്യസംഘം. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയാല്‍ ഉടനടി മയക്കുവെടി വെക്കാന്‍ സജ്ജരായി സംഘം കമ്പത്ത് തുടരും. മൂന്ന് കുങ്കിയാനകളും രണ്ടിലൊന്നറിയുന്നതു വരെ ഇവിടെ തുടരുമെന്നാണ് അറിയുന്നത്.

ഇന്നു രാവിലെ ചുരുളിപ്പെട്ടിയില്‍ ആനയുണ്ടെന്ന് സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അരിക്കൊമ്പനായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് സ്ഥലത്തുനിന്ന് മാറ്റുന്നതിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സുരുളിപ്പട്ടി മേഖലയില്‍ എത്തിച്ചിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ സാറ്റ്ലൈറ്റില്‍നിന്നുള്ള സിഗ്‌നല്‍ ലഭിച്ചതോടെയാണ് ആന കൂതനാച്ചി റിസര്‍വ് വനത്തിലേക്കും അവിടെ നിന്ന് മേഘമല ഭാഗത്തേക്കും കടന്നതായുള്ള വിവരം ലഭിച്ചത്.