അരിക്കൊമ്പന്‍: ഹൈക്കോടതിയെ പൂട്ടാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

 
അക്രമകാരിയായ അരിക്കൊമ്പനെ സ്വതന്ത്രമായി വിടാന്‍ കഴിയുന്ന് മറ്റൊരു വനപ്രദേശവും കേരളത്തിലില്ലെന്ന് വനംമന്ത്രി

തിരുവനന്തപുരം-അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം കണ്ടെത്താനാകാതെ വന്നതോടെ പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. ഹൈക്കോടതിവിധി നടപ്പാക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. തിങ്കളാഴ്ചയാകും ഹര്‍ജി സമര്‍പ്പിക്കുക.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ജനവാസമേഖലയല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താനിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ജനങ്ങളെ പ്രകോപിതരാക്കി വിധി നടപ്പാക്കുക സാധ്യതമല്ലാതായി. മറ്റേതെങ്കിലും സ്ഥലം സര്‍ക്കാര്‍ കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വരെയും അതിനായി പരിശോധന നടത്തി. പക്ഷേ ജനവാസമേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങള്‍ കേരളത്തിലൊരിടത്തും കണ്ടെത്താനായില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിച്ച് വ്യക്തതയുണ്ടാക്കും. ഉപദ്രവികാരികളായ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട്, വന്യജീവി സംരക്ഷണ നിയമത്തിലെ സെഷന്‍ 11പ്രകാരം നടപടി എടുക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനാണ് സുപ്രീം കോടതി പറയുന്നതെങ്കില്‍ അതിന് സാവകാശം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
പിടിച്ച ആനകള്‍ക്ക് എന്ത് പറ്റി എന്ന് അന്വേഷിക്കാനുള ശ്രമം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആന പ്രേമികളുടെ വാദത്തിന് അമിത പ്രാധാന്യം നല്‍കുകയും ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കോടനാട് ആനക്കളരിയിലേക്ക് മാറ്റി പരിശീലിപ്പിച്ച് കുങ്കിയാനയാക്കുകയാണ് ഏറ്റവും പ്രായോഗികമായ പരിഹാരമാര്‍ഗമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇത്തരത്തില്‍ അപകടകാരികളായ നിരവധി ആനകളെ പരിശീലിപ്പിച്ച് നല്ല രീതിയില്‍ വളര്‍ത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിശോധിക്കാന്‍ പോലും തയ്യാറാകാതെ ചില മൃഗസ്‌നേഹികളുടെ പരാതിയില്‍ തിടുക്കപ്പെട്ട് വിധികള്‍ പുറപ്പെടുവിക്കുകയാണ് കോടതി ചെയ്യുന്നതെന്ന് വനംവകുപ്പ് കരുതുന്നു. നാട്ടില്‍ ആഘോഷപൂര്‍വം ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന ആനകളില്‍ ഏറെയും ഇത്തരത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള വനങ്ങളില്‍ നിന്ന് പിടികൂടി പരിശീലനം നല്‍കിയവയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.