കണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ഷാരൂഖ് സെയ്ഫിക്ക് പിന്നിലുള്ളവര്‍?

 


കണ്ണൂര്‍- ഷാരൂഖ് സെയ്ഫി തീയിട്ട അതേ ട്രെയിനിന് വീണ്ടും തീയിട്ടത് ഷാരൂഖ് സെയ്ഫിക്കു പിന്നിലുള്ള അതേ ശക്തികളെന്ന നിഗമനത്തില്‍ എന്‍ ഐ എ. ഭരണകൂടത്തിന്റെ അന്വേഷണ സംവിധാനങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ തീവെപ്പിന് പിന്നിലുള്ളവര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുത്ത് അന്വേഷണം കൂടുതല്‍ വ്യാപകമാക്കാനാണ് എന്‍ ഐ എ ഒരുങ്ങുന്നത്. ആളപായമുണ്ടാക്കല്ല, ഭരണകൂടത്തെ വെല്ലുവിളിക്കലാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ സംശയിക്കുന്നു.   പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുള്ള തിരിച്ചടിയാണ് ട്രെയിന്‍ ആക്രമണ പരമ്പരയെന്നാണ് എന്‍ ഐ എ കരുതുന്നത്. എന്നാല്‍ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിയാത്തതരത്തിലുള്ള വിദഗ്ധ ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിട്ടുണ്ടെന്ന വാദം ഇന്നത്തെ തീവെയ്‌പോടെ ബലപ്പെടുകയാണ്.

ഷാരൂഖ് സെയ്ഫി ഒറ്റക്കാണ് തീവെപ്പ് നടത്തിയതെന്നതിനപ്പുറം ആരിലേക്കും അന്വേഷണം എത്തിക്കാന്‍ പോലീസിനോ എന്‍ ഐ എക്കോ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ സാധിച്ചില്ല. ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകള്‍ക്ക് ശേഷം ചിലരെ ചോദ്യം ചെയ്യലിന് കൊച്ചിയിലെക്ക് വിളിപ്പിച്ചിരുന്നു. ഇവരിലൊരാളുടെ പിതാവ് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യ സംബന്ധിച്ച ദുരൂഹത നീക്കാന്‍ എന്‍ ഐ എ തയ്യാറായിട്ടില്ല.

എലത്തൂര്‍ തീവെപ്പ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് സെയ്ഫിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ട്രെയിനിന് തീവെച്ചയാളുടെ സി സി ടി വി ദൃശ്യം പിന്തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ കിട്ടിയാല്‍ എലത്തൂര്‍ തീവെയ്പിന്റെ അന്വേഷണത്തിലും വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്‍ ഐ എ സംഘം ഇന്നുതന്നെ സ്ഥലം സന്ദര്‍ശിച്ചേക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്.

ബോഗിക്കുള്ളില്‍ പുക കണ്ടെന്നും എന്നാല്‍ പൊടുന്നനെ ബോഗിയില്‍ ഒന്നാകെ തീ ആളിപ്പടരുകയുമായിരുന്നു എന്നാണ് സംഭവം കണ്ടവര്‍ പറയുന്നത്. ബോഗിയുടെ ഏതാണ്ടെല്ലാ സ്ഥലത്തുനിന്നും ഒരേസമയം തീ ആളിപ്പടര്‍ന്നു എന്നും അവര്‍ പറയുന്നുണ്ട്. ഇരുമ്പ് ഭാഗങ്ങളാണ് കൂടുതല്‍ എന്നതിനാല്‍ പെട്രോള്‍ പോലെ എളുപ്പത്തില്‍ തീ പിടിക്കുന്ന ഇന്ധനം ഉപയോഗിക്കാതെ ഇത്തരത്തില്‍ തീ പടരിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബോഗിക്കുളളില്‍ ഇന്ധനം സ്‌പ്രേചെയ്ത് കത്തിച്ചതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. കത്തിനശിച്ച ബോഗിയുടെ ടോയ്ലറ്റിനോട് ചേര്‍ന്നുള്ള ജനല്‍ ചില്ല് പൊട്ടിയ നിലയിലാണ്. ഇതുവഴിയാകാം കോച്ചിനുള്ളിലേക്ക് ഇന്ധനമൊഴിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ പൊലീസോ റെയില്‍വേയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആദ്യം ബാത്ത്‌റൂമിന്റെ സൈഡിലാണ് തീ കണ്ടതെന്നും പൊടുന്നനെ ബോഗി കത്തിയമരുകയായിരുന്നു എന്നുമാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. തീ പിടിച്ച ബോഗി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.