അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ അപകടം; വാരിയെല്ല് ഒടിഞ്ഞു

 

മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. ഗുരുതരപരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.  വലതുഭാഗത്ത് വാരിയെല്ല് പൊട്ടിയിരിക്കുകയാണ്. പേശികള്‍ക്കും സാരമായ പരുക്കുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്.

അപകടം നടന്നയുടന്‍ ഷൂട്ടിങ് നിര്‍ത്തിവച്ച് ബച്ചനെ എഐജി ആശുപത്രിയിലെത്തിച്ചു. സിടി സ്‌കാന്‍ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങി. ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചെന്ന് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.

'ശരീരം ചലിപ്പിക്കാന്‍ കഴിയാത്തത്ര വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് തന്നെ വേണ്ടിവരും. വേദനസംഹാരികളുടെ ബലത്തിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.' എണ്‍പതുകാരനായ ബിഗ് ബി വ്യക്തമാക്കി.