ഒഡീഷ ട്രെയിന്‍ അപകടത്തിന് കാരണം 'തെറ്റിദ്ധരിച്ച' സിഗ്‌നല്‍

 

ഡല്‍ഹി- സിഗ്നല്‍ തെറ്റിദ്ധരിച്ച് ഗുഡ്‌സ് ട്രെയിന്‍ കിടന്ന ലൂപ്പ് ലൈനിലേക്ക് കോറോമാണ്ടല്‍ എക്‌സ്പ്രസ് കയറിയതാണ് 288 പേരുടെ മരണത്തിനും 900 പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ ദുരന്തത്തിന് കാരണമെന്ന് റെയില്‍വെയുടെ പ്രാഥമിക വിലയിരുത്തല്‍. വെള്ളിയാഴ്ച രാത്രി 7:00 മണിയോടെ ബാലസോറിലെ ബഹാനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ മെയിന്‍ ലൈനിലൂടെ പോകാനുള്ള സിഗ്നലാണ് നല്‍കിയത്. എന്നാല്‍ സമീപമുള്ള ഒരു ലൂപ്പ് ലൈനില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസ് പ്രവേശിച്ചു. സിഗ്നല്‍ ഉടന്‍ പിന്‍വലിക്കുകയും ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.

ലൂപ്പ് ലൈനുകള്‍ സ്റ്റേഷനുകള്‍ക്ക് ചുറ്റും നിര്‍മ്മിച്ച റെയില്‍വേ ട്രാക്കുകളാണ്, പ്രധാന ലൈനില്‍ നിന്ന് ട്രെയിനിനെ തിരിച്ചുവിടുന്നതിനുള്ളതാണിത്. ട്രെയിനുകള്‍ സാധാരണയായി വിവിധ കാരണങ്ങളാല്‍ ലൂപ്പ് ലൈനിലാണ് പാര്‍ക്ക് ചെയ്യുക. കൂടാതെ ഓവര്‍ടേക്കിംഗിനും ഉപയോഗിക്കുന്നു. ലൂപ്പ് ലൈന്‍ സാധാരണയായി 750 മീറ്റര്‍ നീളമുള്ളതും പ്രധാന ലൈനുമായി വീണ്ടും ചേരുന്നതുമാണ്. ഇത്തരമൊരു ലൂപ്പ് ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലേക്കാണ് കോറമാണ്ടല്‍ എക്‌സ്പ്രസ് ഇടിച്ചു കയറിയത്. ഈ ലൈന്‍ പഴകിയ അവസ്ഥയിലുള്ളതാണെന്നും പരിശോധനയില്‍ വ്യക്തമായി.

നാല് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരായ ജെഎന്‍ സുബുധി, ആര്‍കെ ബാനര്‍ജി, ആര്‍കെ പഞ്ജിര, എകെ മൊഹന്തു എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. വെള്ളിയാഴ്ച രാത്രി ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ച് അപകടത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു.

ഒഡീഷ ട്രെയിന്‍ അപകടം നടന്ന റെയില്‍വേ ലൈനുകള്‍ കവച് എന്ന തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തിന്, അതേ പാതയില്‍ മറ്റൊരു ട്രെയിന്‍ വരുന്നതായി കണ്ടെത്തിയാല്‍ സ്വയം ഒരു ട്രെയിന്‍ നിര്‍ത്താനുള്ള കഴിവുണ്ട്.