കോണ്‍ഗ്രസ് പുനസംഘടനയില്‍ യുദ്ധപ്രഖ്യാപനവുമായി എ ഐ ഗ്രൂപ്പുകള്‍

പരസ്യവിമര്‍ശനവുമായി ബെന്നി ബെഹന്നാന്‍, കെ രാഘവന്‍

 
പുനസംഘട വാട്‌സാപ്പിലൂടെയല്ല പ്രഖ്യാപിക്കേണ്ടത്, ഉമ്മന്‍ചാണ്ടിയോട് കൂടിയാലോചിച്ചില്ല, പുതിയ ഗ്രൂപ്പുണ്ടാക്കിയാല്‍ പഴയ ഗ്രൂപ്പ് സജീവമാക്കുമെന്നും ബെന്നി ബഹന്നാന്‍
 

കൊച്ചി- കോണ്‍ഗ്രസ് പുനസംഘടനയില്‍ അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ് നേതൃത്വം. പുനസംഘടനാ പ്രഖ്യാപനം അര്‍ധരാത്രി വാട്‌സാപ്പിലൂടെ നടത്തിയത് ജനാധിപത്യ രീതിയല്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിന്റെ അമരക്കാരനുമായ ബെന്നി ബഹന്നാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുനസംഘടനയെക്കുറിച്ച് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്താന്‍ കെ പി സി സി നേതൃത്വം തയ്യാറാകേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ മനസ്സറിയേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടായിരുന്നു. പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെങ്കില്‍ പഴയ ഗ്രൂപ്പ് സജീവമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ബെന്നി ബഹന്നാന്റെ പ്രസ്താവനയോടെ വി ഡി സതീശനും കെ സുധാകരനും ചേര്‍ന്ന് ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ഏകപക്ഷീയമായി കൈയടക്കിയെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്. ഡിസിസി യോഗങ്ങളടക്കം ബഹിഷ്‌കരിക്കാനും ശേഷിക്കുന്ന പുനഃസംഘടനാ നടപടികളുമായി സഹകരിക്കേണ്ടെന്നുമാണ് എ ഗ്രൂപ്പിന്റെ നിലപാട്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പുനഃസംഘടന നടത്തിയതെന്ന ഐ ഗ്രൂപ്പ് നേതാവ് എം കെ രാഘവന്‍ എംപി നേരത്തെ പ്രതികരിച്ചിരുന്നു.  11 ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ നടന്ന എറണാകുളം ഡിസിസി യോഗത്തില്‍നിന്നാണ് എ ഗ്രൂപ്പ് വിട്ടുനിന്നത്. മറ്റ് ജില്ലകളിലും ഇതേ നിലപാട് സ്വീകരിക്കാനാണ് എ ഗ്രൂപ്പ് നീക്കം.

പട്ടികയില്‍ അടിയന്തര മാറ്റം വേണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് നേതൃത്വത്തെയും കുഴപ്പിക്കുകയാണ്. 283 ബ്ലോക്കുകളില്‍ 197 ഇടത്ത് മാത്രമാണ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്. ഇതില്‍ 70 ഇടത്തും ചര്‍ച്ചകളില്ലാതെ ഏകപക്ഷീയ പ്രഖ്യാപനമാണ് നടത്തിയതെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. തിരുവനന്തപുരം,  കോട്ടയം, മലപ്പുറം ജില്ലകളില്‍ തര്‍ക്കം രൂക്ഷമായതിനാല്‍ ഇനിയും പ്രഖ്യാപനമായിട്ടില്ല. തിരുവനന്തപുരത്തെ ആകെയുള്ള 28 ബ്ലോക്കുകളില്‍ 26 ഇടത്തും തര്‍ക്കം തുടരുകയാണ്.
്യു
എറണാകുളത്ത് വി ഡി സതീശന്‍ വിഭാഗവും ആലപ്പുഴയില്‍ വേണുഗോപാലിന്റെ വിശ്വസ്തരും കണ്ണൂരില്‍ കെ സുധാകരന്‍ പക്ഷവും ബ്ലോക്ക് പ്രസിഡണ്ട് പദവികള്‍ കൂട്ടത്തോടെ കൈയടക്കിയെന്നാണ് ആക്ഷേപം.