റിപ്പബ്ലിക് ദിന പരേഡ്; നാവികസേനാ സംഘത്തെ യുവ വനിതാ ഓഫീസര്‍ ദിശ അമൃത് നയിക്കും

 

ന്യൂഡല്‍ഹി: നാരീശക്തി എന്ന സന്ദേശം പങ്കുവച്ചാണ് റിപ്പബ്ലിക്ക് ദിനത്തില്‍ ഇത്തവണത്തെ നാവികസേനയുടെ പരേഡ്. 30 വനിതാ ഓഫീസര്‍മാര്‍ ഈ സന്ദേശം എഴുതിയ ടാബ്ലോയില്‍ അണിനിരക്കും. നാവികസേനയുടെ 144 അംഗ സംഘത്തെ നയിക്കുന്നത്, 29 കാരിയായ വനിതാ ഓഫീസറ്. ആന്‍ഡമാന്‍ നിക്കോബാറില്‍ സേവനം ചെയ്യുന്ന ലഫ്റ്റനന്റ് കമ്മാന്‍ഡര്‍ ദിശ അമൃത് ആണ് രാജ്പഥില്‍ നാവികേസനയെ മുന്നില്‍ നിന്ന് നയിക്കുക. അഗ്‌നിപഥ് അംഗങ്ങളും നാവികസേനാ സംഘത്തില്‍ ഭാഗമാകും.

എന്‍സിസി കേഡറ്റ് ആയിരിക്കുമ്പോള്‍ മുതലുള്ള വലിയ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും അത്യധികം അഭിമാനമുണ്ടെന്നും ലഫ്റ്റനന്റ് കമ്മാന്‍ഡര്‍ ദിശ അമൃത് പ്രതികരിച്ചു. 2016ലാണ് ദിശ അമൃത് നാവികസേനയില്‍ ചേര്‍ന്നത്. കര്‍ണാടകയിലെ ബിഎംഎസ് കോളേജ് ഓഫ് എന്‍ഞ്ചിനീയറിങ്ങിലെ പഠനം പൂര്‍ത്തിയായ ഉടന്‍ സേനയിലേക്ക് അവസരം ലഭിച്ചു. ട്രെയിനിങ്ങിന് ശേഷം ലഭിച്ച ആദ്യ പോസ്റ്റിങ്ങ് തന്നെ ആന്‍ഡമാനിലേക്കായിരുന്നു. വൈമാനിക പരിശീലനവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയിരുന്നു ദിശ അമൃത്.  ചുമതലകള്‍ ഏറ്റവും മികച്ച രീതിയില്‍ നിര്‍വ്വഹിച്ചതോടെ മികച്ച ഓഫീസര്‍മാരുടെ പട്ടികയിലേക്ക് ഇടംപിടിച്ചു. പിന്നാലെ റിപ്പബ്ലിക്ക് ദിന പരേഡിലെ നേതൃനിരയിലേക്കും. മംഗ്ലൂരുവിലെ സാധാരണ ഗ്രാമത്തില്‍ നിന്ന് നിന്ന് നാവികസേനാ പരേഡിന് നേതൃത്വം നല്‍കുന്നതിലേക്കുള്ള ഉയര്‍ച്ച അഭിമാനകരമെന്ന് ലഫ്റ്റനന്റ് കമ്മാന്‍ഡര്‍ ദിശ അമൃതിന്റെ കുടുംബം ചൂണ്ടികാട്ടി.