ധോണിയെ കുങ്കിയാനയാക്കും; ഇനിമുതല്‍ പ്രത്യേക പാപ്പാനും, ഭക്ഷണരീതിയും
പാലക്കാട് : ഏറെ ശ്രമകരമായി കീഴടക്കിയ പിടി സെവനെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസ് പറഞ്ഞു. ഇന്നുമുതല്‍ ധോണിക്ക് ഭക്ഷണം നല്കി തുടങ്ങും. മയക്കുവെടി നല്‍കുകയും ടോപ് അപ് കുത്തിവയ്പ് നല്‍കുകയും ചെയ്തതിനാല്‍ ഇന്നലെ പച്ചവെള്ളം മാത്രമാണ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ കട്ടി ഭക്ഷണവും നല്‍കും.
അതേസമയം കൂട്ടിലായ ധോണി പ്രതിഷേധം ഒന്നും കാട്ടാത്തത് ആനയെ മെരുക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടും. ഇനിമുതല്‍ ധോണിക്ക് മാത്രമായി ഒരു പാപ്പാനെ നിയമിക്കും. പറമ്പിക്കുളം, വയനാട് ക്യാമ്പുകളോടായിരിക്കും ഇക്കാര്യം ആവശ്യപ്പെടുക. ആദ്യ ആഴ്ചകളില്‍ വയനാട് ടീമിന്റെ സേവനം വേണം. ആനയുടെ ഡയറ്റ് ബുക്ക് ഇന്ന് തന്നെ ക്രമീകരിക്കും.
വെറ്റിനറി ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണമായിരിക്കും ധോണിക്ക് ഇനി നല്‍കുക. ആനയ്ക്ക് വേണ്ടി പ്രത്യേകം കുക്കിനെ കൂടി നിയമിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.