പക്ഷിപ്പനി വ്യാപനം; താറാവ് കര്‍ഷകരും വില്‍പ്പനക്കാരും പ്രതിസന്ധിയില്‍

 

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി വ്യാപിക്കുന്നതിനാല്‍ താറാവ് കര്‍ഷകരും വില്‍പ്പനക്കാരും പ്രതിസന്ധിയില്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് അഞ്ചിലധികം ഇടങ്ങളിലാണ്. ഇതിനെ തുടര്‍ന്ന് ജില്ലയില്‍ പലഭാഗങ്ങളിലും താറാവ്, ഇറച്ചിക്കോഴി എന്നിവയുടെ വില്‍പനയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.

ഏറ്റവും ഒടുവിലായി കുട്ടനാട്ടില്‍ കാവാലം ഗ്രാമപഞ്ചായത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുമ്പ് കുട്ടനാട്ടില്‍ ചമ്പക്കുളം പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അതിന് മുമ്പ്  കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.