ഇടുക്കി പൂപ്പാറയില്‍ ടൂറിസ്റ്റ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം

 

ഇടുക്കി- കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ ഇടുക്കി പൂപ്പാറക്കു സമീപം തോണ്ടിമലയ്ക്കു സമീപം ടൂറിസ്റ്റ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 4 പേര്‍ മരിച്ചു. തിരുനല്‍വേലി സ്വദേശികളായ സി.പെരുമാള്‍ (59), വള്ളിയമ്മ(70), വിശ്വ (8), സുധ(20) എന്നിവരാണ് മരിച്ചത്. ഇരുപതോളം പേര്‍ വാഹനത്തിലുണ്ടായിരുന്നു. 6 പേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യാത്രക്കാരായ 16 പേര്‍ക്ക് പരുക്കേറ്റു.
വൈകിട്ട് 6.45ന് തൊണ്ടിമല ഇരച്ചില്‍പാറയ്ക്ക് സമീപമാണ് അപകടം. മൂന്നാറില്‍ കല്യാണം കൂടാന്‍ എത്തിയ തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. അമിതവേഗമാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും ഇതുവഴിയെത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.