അരിക്കൊമ്പന് സമീപം ചക്കക്കൊമ്പനും പിടിയാനയും, ഒറ്റതിരിക്കാന്‍ ശ്രമം

 

ഇടുക്കി- അരിക്കൊമ്പന് സമീപം ചക്കക്കൊമ്പനും മറ്റൊരു പിടിയാനയും നിലയുറപ്പിച്ചതോടെ ദൗത്യസംഘം ഇവരെ കൂട്ടം തെറ്റിക്കാനുള്ള ശ്രമത്തില്‍. അരിക്കൊമ്പനെ ഒറ്റ തിരിച്ച ശേഷം മാത്രമേ മയക്കുവെടി സാധ്യമാകൂവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മറ്റാനകള്‍ അടുത്തുള്ളപ്പോള്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ചാല്‍ മറ്റ് കാട്ടാനകള്‍ അക്രമാസക്തരായി ദൗത്യസംഘത്തിന് നേരെ തിരിയാനുള്ള സാധ്യതയുള്ളതിനാല്‍ പടക്കം പൊട്ടിച്ച് മറ്റാനകളെ അകറ്റിക്കൊണ്ടിരിക്കുകയാണ്.
അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത് ദൗത്യ മേഖലയായ സിമന്റ് പാലത്തിന് ഒരു കിലോമീറ്റര്‍ ദൂരത്തിലാണ്. എന്നാല്‍ ചക്കക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത് എതിര്‍ദിശയില്‍ സൂര്യനെല്ലിയിലേക്ക് കയറുന്ന ഉയര്‍ന്ന പ്രദേശത്താണ്. ചക്കക്കൊമ്പന്‍ മദപ്പാടിലായതിനാല്‍ അരിക്കൊമ്പന്‍ ഈ ആനക്കരികിലേക്ക് എത്താന്‍ സാധ്യതയില്ലെന്നാണ് കരുതന്നത്. അരിക്കൊമ്പന്‍ അല്‍പം കൂടെ താഴേക്ക് ഇറങ്ങിയാല്‍ മയക്കുവെടി വെക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ദൗത്യസംഘം.