മയണൈസ് വീണ്ടും വില്ലനായി, വിവാഹത്തിന് കുഴിമന്തി കഴിച്ച 140 പേര്‍ ആശുപത്രിയില്‍

 

മലപ്പുറം- വിവാഹ സല്‍ക്കാരച്ചടങ്ങില്‍ കുഴിമന്തിക്കൊപ്പം വിളമ്പിയ മയണൈസില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 140 ഓളം പേര്‍ ആശുപത്രിയില്‍. മലപ്പുറം എരമംഗലത്താണ് സംഭവം. പെരുമ്പടപ്പ് അയിരൂര്‍ സ്വദേശിയുടെ മകളുടെ വിവാഹത്തിന് തലേന്നു നടന്ന ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എരമംഗലം കിളയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ശനിയാഴ്ച രാത്രി നടന്ന നിക്കാഹ് ചടങ്ങിനു ശേഷം ഭക്ഷണം കഴിച്ചവര്‍ക്ക് ഇന്നു രാവിലെ മുതലാണ് ഛര്‍ദിയും വയറിളക്കവും പനിയുമുണ്ടായത്. വൈകുന്നേരത്തോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം 140 ആയി. ആളുകള്‍ കൂട്ടത്തോടെ ആശുപത്രിയിലെത്തിയപ്പോഴാണ് വിവാഹ സല്‍ക്കാരത്തില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണെന്ന് മനസ്സിലാകുന്നത്.

എരമംഗലം കിളയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നിക്കാഹിനുശേഷം നടന്ന വിരുന്നില്‍ മന്തിയാണ് വിളമ്പിയത്. അതോടൊപ്പമുണ്ടായിരുന്ന മയോണൈസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വകാര്യ ആശുപത്രിയില്‍ 80 പേരാണ് ഞായറാഴ്ച രാത്രിവരെ ചികിത്സതേടിയത്. പുന്നയൂര്‍ക്കുളം സ്വകാര്യ ആശുപത്രിയില്‍ ഏഴും പൊന്നണി ഗവ. താലൂക്ക് ആശുപത്രിയില്‍ 40 -ഓളം പേരും ഇതിനോടകം ചികിത്സതേടിയെത്തി. ഇവരില്‍ 29 കുട്ടികളും 18 സ്ത്രീകളും ഉള്‍പ്പെടും. ആരുടെയും നില ഗുരുതലമല്ല.

മയണൈസില്‍ നിന്ന് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ച നിരവധി സംഭവങ്ങളെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.