24 C
Kochi
Monday, December 6, 2021

അജിത്ത്-അനുപമ സമരത്തിലെ നിര്‍ണ്ണായക യോഗങ്ങള്‍ ഇന്ന്; നിയമവിരുദ്ധ നടപടികള്‍ പുറത്തെത്തിക്കുമെന്ന് പി.ഇ. ഉഷ

Must read

എം. മനോജ് കുമാര്‍

കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി എടുത്തുവെന്നു തോന്നുന്ന വരെ സമരം തുടരുമെന്നാണ് അനുപമ പറഞ്ഞത്; അനുപമയ്ക്ക് നീതി ലഭിക്കണമെങ്കില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണം എന്ന അഭിപ്രായം ഐക്യദാര്‍ഡ്യസമിതിയ്ക്കുമുണ്ട്;  അജിത്ത്-അനുപമ സമരം വിജയത്തിലെത്തിച്ചതിനെ തുടര്‍ന്ന് തുടര്‍ സമരപരിപാടികളെക്കുറിച്ചുള്ള തീരുമാനമാണ് ഇന്നുള്ള യോഗങ്ങള്‍ എടുക്കുക; പന്തല്‍ കെട്ടിയുള്ള സമരം ഇനിയില്ല. നിയമപരമായ നടപടിയും സമര വഴികളും ആലോചിക്കും; ഐക്യദാര്‍ഡ്യസമിതി കണ്‍വീനര്‍ പി.ഇ.ഉഷ പറയുന്നു; ശിശുക്ഷേമ സമിതിയ്ക്കും സിഡബ്ലുസിയ്ക്കും വീഴ്ക വന്നതായി തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്; സ്വാഭാവികമായും ഞങ്ങള്‍ അവര്‍ക്ക് എതിരെ തന്നെ നീങ്ങും. നിര്‍ബന്ധ അബോര്‍ഷനു ശ്രമിച്ച ഡോക്ടര്‍മാരുണ്ട്. ദത്ത് വിഷയത്തിലെ നിയമവിരുദ്ധ നടപടികള്‍ വെളിയില്‍ കൊണ്ട് വരികയാണ് ലക്ഷ്യം- ഉഷ പറയുന്നു.

തിരുവനന്തപുരം: വിവാദ ദത്ത് വിഷയത്തില്‍ അനുപമയ്ക്കായി സമരവുമായി രംഗത്തുള്ള അജിത്ത്-അനുപമ ഐക്യദാര്‍ഡ്യസമിതിയുടെ നിര്‍ണ്ണായകമായ യോഗം ഇന്നു വൈകീട്ട് ചേരും. അനുപമയ്ക്ക് കുട്ടിയെ തിരികെ ലഭിക്കുകയും ഈ കേസ് കുടുംബകോടതി ക്ലോസ് ചെയ്യുകയും ചെയ്തതോടെ സമരത്തില്‍ ഇനിയെന്ത്‌ എന്ന ചോദ്യത്തിനു ഉത്തരം നല്‍കാനാണ് വൈകീട്ട് നാലുമണിയ്ക്കുള്ള യോഗം.

വൈകീട്ടത്തെ മീറ്റിംഗിനു ശേഷം ഗൂഗിള്‍ മീറ്റ്‌ രാത്രി ഒന്‍പതരയ്ക്ക് ചേരുന്നുമുണ്ട്. ഈ രണ്ടു മീറ്റിംഗില്‍ എന്ത് വേണമെന്ന തീരുമാനം സമിതി കൈക്കൊള്ളും.

കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി വേണമെന്ന് അനുപമ 

കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി എടുത്തുവെന്നു തോന്നുന്ന വരെ സമരം തുടരും എന്നാണ് അനുപമ പറഞ്ഞത്. അനുപമ ഉന്നം വയ്ക്കുന്നത് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സിഡബ്ലുസി ചെയര്‍പേഴ്‌സണ്‍ സുനന്ദയെയുമാണ്‌. കുട്ടിയ്ക്കായി ഇവര്‍ രംഗത്ത് വന്നപ്പോള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഇവരുടെ നിലപാട് ഇതായിരുന്നുവെന്ന് അനുപമ ആരോപിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ അനുപമയ്ക്ക് നീതി ലഭിക്കണമെങ്കില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണം എന്ന അഭിപ്രായം ഐക്യദാര്‍ഡ്യസമിതിയ്ക്കുമുണ്ട്. അജിത്ത്-അനുപമ സമരം വിജയത്തിലെത്തിച്ചതിനെ തുടര്‍ന്ന് തുടര്‍ സമരപരിപാടികളെക്കുറിച്ചുള്ള തീരുമാനമാണ് ഇന്നുള്ള യോഗങ്ങള്‍ എടുക്കുക. ‘പന്തല്‍ കെട്ടിയുള്ള സമരം ഇനിയില്ല.

നിയമവിരുദ്ധ നടപടികള്‍ തുറന്നു കാണിക്കും 

നിയമപരമായ നടപടിയും സമര വഴികളും ആലോചിക്കും- ഐക്യദാര്‍ഡ്യസമിതി കണ്‍വീനര്‍ പി.ഇ.ഉഷ ലോഗിന്‍ കേരളയോട് പറഞ്ഞു. ശിശുക്ഷേമ സമിതിയ്ക്കും സിഡബ്ലുസിയ്ക്കും വീഴ്ക വന്നതായി തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും ഞങ്ങള്‍ അവര്‍ക്ക് എതിരെ തന്നെ നീങ്ങും.

നിര്‍ബന്ധ അബോര്‍ഷനു ശ്രമിച്ച ഡോക്ടര്‍മാരുണ്ട്. ദത്ത് വിഷയത്തിലെ നിയമവിരുദ്ധ നടപടികള്‍ വെളിയില്‍ കൊണ്ട് വരികയാണ് ലക്ഷ്യം- ഉഷ പറയുന്നു.

ഇന്നത്തെ  മീറ്റിംഗില്‍ തീരുമാനം വരും 

കുടുംബകോടതി കുഞ്ഞിനെ വിട്ടു നല്‍കിയ ശേഷം കുഞ്ഞുമായി ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരപ്പന്തലില്‍ എത്തി നന്ദി പറഞ്ഞ ശേഷം അനുപമ മടങ്ങിയപ്പോള്‍ ശിശുക്ഷേമ സമിതിയ്ക്ക് മുന്നിലെ സമരപ്പന്തല്‍ പൊളിച്ച് കളഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തുടര്‍ സമരം ഏതു രീതിയില്‍ വേണം എന്ന് തീരുമാനിക്കേണ്ടതുണ്ട്.

മഴ നനഞ്ഞു സമരം നടത്തുമ്പോള്‍ പന്തല്‍ പോലും കെട്ടാന്‍ സമ്മതിക്കാതെ പോലീസ് നിലപാട് കടുപ്പിച്ചപ്പോള്‍ രംഗത്ത് വന്ന അജിത്‌-അനുപമ ഐക്യദാര്‍ഡ്യസമിതിയാണ് സമരം വിജയിപ്പിച്ചതിന്റെ പിന്നില്‍. കണ്‍വീനര്‍ ആയ പ്രമുഖ സാമൂഹ്യപ്രവര്‍ത്തക പി.ഇ. ഉഷ വിജയത്തിനായി ഏറെ വിയര്‍പ്പൊഴുക്കി. രാവും പകലും എന്നില്ലാതെ ഇവര്‍ക്കൊപ്പം ഉഷ പന്തലില്‍ ഇരുന്നു.

ഉഷയുടെ വരവ് സമരത്തില്‍ നിര്‍ണ്ണായകമായി 

ഉഷയ്ക്ക് കൂട്ടായി ഒട്ടനവധി  സാമൂഹിക-സാംസ്കാരിക  നേതാക്കളുമെത്തി. ഉഷയ്ക്ക് അടുപ്പമുള്ള സാമൂഹിക സാംസ്കാരിക നേതാക്കളെല്ലാം പന്തലിലെത്തി. ഇതോടെ പോലീസ് കടുത്ത നിലപാടില്‍ നിന്നും പിന്മാറി. എങ്കിലും അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലും നിര്‍മ്മല ശിശുഭവനിലും എത്തിച്ചപ്പോള്‍ പോലീസ് ആശങ്കയിലായി.

സമരസമിതി പ്രവര്‍ത്തകര്‍ ഇടിച്ചു കയറുമോ എന്നായിരുന്നു പോലീസിന്റെ ആശങ്ക. സുരക്ഷ പോലീസ് ശക്തമാക്കുകയും ചെയ്തു. പക്ഷെ ഒരു അക്രമപ്രവര്‍ത്തനത്തിനും തങ്ങളില്ലെന്ന നിലപാട് പോലീസിനു മുന്നിലെത്തിച്ചപ്പോള്‍ ആശങ്ക നീങ്ങുകയും ചെയ്തു.

ബി.രാജീവനും സാവിത്രി രാജീവനും എത്തിയത്   ശ്രദ്ധേയമായി 

പ്രമുഖ സാഹിത്യകാരന്‍ ബി.രാജീവനും സാവിത്രി രാജീവനും സമരപ്പന്തലിലെത്തി അനുപമയെ സന്ദര്‍ശിക്കുകയും സാവിത്രി രാജീവന്‍ മനോരമ എഡിറ്റ്‌ പേജില്‍ സമരത്തിനു അനുകൂലമായി എഴുതുകയും ഒക്കെ ചെയ്തത് അജിത്ത്-അനുപമ സമരത്തിനു വലിയ പിന്തുണയ്ക്ക് വഴിയൊരുക്കി. ഡോക്ടര്‍ ആസാദും മറ്റു നേതാക്കളും സമരത്തിനു ഒപ്പം നിലയുറപ്പിച്ചു. ഇതൊക്കെ തന്നെ നിര്‍ണ്ണായകമായ നീക്കങ്ങളായി മാറി.

ദത്ത് വിവാദ കേസില്‍ കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. കോടതി അപ്പോള്‍ തന്നെ കേസ് തീര്‍പ്പാക്കുകയും ചെയ്തു. വിധി വന്നതിന് പിന്നാലെ ജഡ്ജിയുടെ ചേംമ്പറില്‍വെച്ച് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. മാസങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിച്ചത്.

More articles

Latest article