24 C
Kochi
Tuesday, December 7, 2021

എയിംസ് കാസര്‍കോട് വരാനുള്ള സാധ്യത മുഖ്യമന്ത്രി വെട്ടി; എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള അവഗണനയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

Must read

എം. മനോജ്‌ കുമാര്‍ 

കാസര്‍കോട് കൂടി എയിംസിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യം മുന്‍ എംപിയുടെ നിലപാട് ആണെന്നാണ് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്; കോഴിക്കോട് മെഡിക്കല്‍ കോളേജും അനവധി പ്രൈവറ്റ് സ്ഥാപനങ്ങളുമുണ്ട്. അവിടെ ഇല്ലാത്ത സൗകര്യങ്ങളില്ല; ഇതല്ല കാസര്‍കോടിന്റെ അവസ്ഥ; 6727 എന്‍ഡോസള്‍ഫാന്‍ ഇരകളുണ്ട് കാസര്‍കോട്; എയിംസ് തരണം എന്നല്ല മുഖ്യമന്ത്രിയോട് പറഞ്ഞത്. എയിംസ് പ്രൊപ്പോസലില്‍ കാസര്‍കോടിന്റെ പേര് ഉള്‍പ്പെടുത്തിയാല്‍ മതി എന്നാണ് പറഞ്ഞത്;  അതിനപ്പുറം ഒന്നും ചെയ്യേണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു ; ഒരു മാനുഷിക പരിഗണന നല്‍കി പ്രൊപ്പോസലില്‍ കാസര്‍കോട് കൂടി ഉള്‍പ്പെടുത്തണം എന്ന് ഞാന്‍ വീണ്ടും ആവശ്യപ്പെട്ടു; എന്നാല്‍ ഒരു കാരണവശാലും കാസര്‍കോട് ഉള്‍പ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 

തിരുവനന്തപുരം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കാസര്‍കോട് സ്ഥാപിക്കാനുള്ള സാധ്യതകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായും ഇല്ലാതാക്കിയെന്നു കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍.

ബാലുശ്ശേരി മാത്രമാണ് എയിംസിനുള്ള സ്ഥലമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നതെന്നു എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി അസന്ദ ഗ്ദമായി പ്രഖ്യാപിച്ചതോടെ കാസര്‍കോടിനു കൈവരുമായിരുന്ന വന്‍ വികസന സാധ്യതകള്‍ ഇല്ലാതായെന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍ ലോഗിന്‍ കേരളയോട് പറഞ്ഞു.

കാസര്‍കോട് എയിംസ് പ്രൊപ്പോസല്‍ വന്നാല്‍ മംഗലാപുരം എംപിയും കര്‍ണ്ണാടക ബിജെപി നേതാക്കളുമെല്ലാം സ്വാഗതം ചെയ്യുമായിരുന്നു. ഇത് നടപടികള്‍ വേഗത്തില്‍ ആക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പ്രൊപ്പോസലില്‍ കാസര്‍കോട് ഇല്ലാത്തതിനാല്‍ വികസന സാധ്യതകള്‍ മങ്ങി.

കാസര്‍കോട് ഉയരുന്നത് കടുത്ത പ്രതിഷേധം

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കാസര്‍കോടെ അഞ്ച് എംഎല്‍എമാരും എംപിയും അവശ്യപ്പെട്ടതാണ് കാസര്‍കോട് എയിംസ് വേണമെന്ന കാര്യം. ഇപ്പോള്‍ എംപിയും എംഎല്‍എമാരും മാറി. കാസര്‍കോട് കൂടി എയിംസിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യത്തില്‍ എംപിയായ ഞാനും അടിയുറച്ച് നില്‍ക്കുന്നു. ഇത് പുതിയ എംപിയുടെ നിലപാടല്ല, മുന്‍ എംപിയുടെ നിലപാട് ആണെന്നാണ് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്.

കോഴിക്കോട് മെഡിക്കല്‍ കോളേജും അനവധി പ്രൈവറ്റ് സ്ഥാപനങ്ങളുമുണ്ട്. അവിടെ ഇല്ലാത്ത സൗകര്യങ്ങളില്ല. ഇതല്ല കാസര്‍കോടിന്റെ അവസ്ഥ. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ പോകണം എന്നുണ്ടെങ്കില്‍ അത് വളരെ ദൂരെയാണ്. 6727 എന്‍ഡോസള്‍ഫാന്‍ ഇരകളുണ്ട് കാസര്‍കോട്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്. അതിനാല്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഒരു റിസര്‍ച്ച് സെന്റര്‍ കൂടി കാസര്‍കോട് വേണം. അതിനു എയിംസ് അല്ലാതെ മാര്‍ഗമില്ല. പക്ഷെ മുഖ്യമന്ത്രി സ്ഥലം കാസര്‍കോട് ചൂണ്ടിക്കാട്ടാത്തതിനാല്‍ ഇത് മുടങ്ങിപ്പോയി.

എയിംസ് തരണം എന്നല്ല മുഖ്യമന്ത്രിയോട് പറഞ്ഞത്

എയിംസ് തരണം എന്നല്ല മുഖ്യമന്ത്രിയോട് പറഞ്ഞത്. എയിംസ് പ്രൊപ്പോസലില്‍ കാസര്‍കോടിന്റെ പേര് ഉള്‍പ്പെടുത്തിയാല്‍ മതി എന്നാണ് പറഞ്ഞത്. അതിനപ്പുറം ഒന്നും ചെയ്യേണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു. ഒരു മാനുഷിക പരിഗണന നല്‍കി പ്രൊപ്പോസലില്‍ കാസര്‍കോട് കൂടി ഉള്‍പ്പെടുത്തണം എന്ന് ഞാന്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ ഒരു കാരണവശാലും കാസര്‍കോട് ഉള്‍പ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കൂടുതല്‍ സ്ഥലമുള്ളത് കാസര്‍കോട് 

കോഴിക്കോട് കിനാലൂരില്‍ എയിംസിനായി സര്‍ക്കാര്‍ 200 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ പതിനാലു ജില്ലകളില്‍ ഏറ്റവും കൂടുതല്‍ സ്ഥലം വെറുതെ കിടക്കുന്നത് കാസര്‍കോട് ആണെന്നും  പറഞ്ഞിരുന്നു.

മുഖ്യമന്ത്രി എതിര്‍ അഭിപ്രായം പറഞ്ഞതോടെ കാസര്‍കോടെ ജനങ്ങളുടെ പേരില്‍ ഞാന്‍ പ്രതിഷേധം രേഖപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ നടപടി ശക്തമായി അപലപിക്കുകയും ചെയ്യുന്നു എന്നാണ് ഞാന്‍ യോഗത്തില്‍ പറഞ്ഞത്.

ഒരു സ്ഥലം മാത്രമല്ല മറ്റു ജില്ലകളും ചൂണ്ടിക്കാട്ടാം

കോഴിക്കോട് ബാലുശ്ശേരി മാത്രമല്ല, മറ്റു സ്ഥലങ്ങളും സംസ്ഥാന സര്‍ക്കാരിനു ചൂണ്ടിക്കാട്ടാം. ഏതെങ്കിലും രീതിയില്‍ ബാലുശ്ശേരി വേണ്ടെന്നു കേന്ദ്രം തീരുമാനിക്കുകയാണെങ്കില്‍ മറ്റിടമായി കാസര്‍കോട് കൂടി പരിഗണനയില്‍ വരുമായിരുന്നു. കേന്ദ്രത്തില്‍ അന്വേഷിച്ച ശേഷമാണ് കാസര്‍കോട് കൂടി സ്ഥല പരിഗണന പട്ടികള്‍ ഉള്‍പ്പെടുത്തണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി ഇത് പൂര്‍ണമായും നിരാകരിച്ചു. ഇതോടെ കാസര്‍കോട് എയിംസ് വരാനുള്ള സാധ്യതകള്‍ ഇല്ലാതായി-രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.

നേരത്തേ സംസ്ഥാന സർക്കാർ നാല് സ്ഥലങ്ങൾ എയിംസിനായി കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത്തവണ കിനാലൂരിനെ മാത്രമാണു പരിഗണിച്ചത്. 200 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 22ന് ആണ് സംസ്ഥാന സർക്കാർ‌ ഇക്കാര്യം വ്യക്തമാക്കി കത്തയച്ചത്. കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തോടെ അന്തിമ തീരുമാനം ഉണ്ടാകും.

എയിംസിനായി നടക്കുക  വന്‍ വികസന പ്രവർത്തനങ്ങൾ

ആദ്യഘട്ടത്തിൽ തന്നെ ആയിരം കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ എയിംസുമായി ബന്ധപ്പെട്ട് നടക്കുമെന്നാണു കരുതുന്നത്.കിനാലൂരിൽ കെഎസ്ഐഡിസിക്ക് 310 ഏക്കർ സ്ഥലമാണ് ഉണ്ടായിരുന്നത്. ഇതിൽ പകുതിയിലേറെ സ്ഥലം വ്യവസായ യൂണിറ്റുകൾ, കോളജ്, ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ്, കെഎസ്ഇബി സബ് സ്റ്റേഷൻ എന്നിവയ്ക്കായി വിട്ടു നൽകി. എവിടെ തന്നെയാണ് എയിംസിനും സ്ഥലം കണ്ടത്.

എയിംസ് കിനാലൂരിലേക്ക്

കേരളത്തിന് അനുവദിക്കുന്ന എയിംസ് സ്ഥാപിക്കുക കിനാലൂരിലാണെന്ന് ഉറപ്പായതോടെ കോഴിക്കോട് വന്‍ വികസനം പ്രതീക്ഷിക്കുകയാണ്. ചികിത്സാരംഗത്തും ഗവേഷണത്തിലും മുതൽക്കൂട്ടാവൂന്ന എയിംസിനു വേണ്ടി കേരളം വർഷങ്ങളായി കാത്തിരിക്കുകയാണ്.

ഏഴു വർഷം മുൻപാണ് കേന്ദ്ര സർക്കാർ കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് അംഗീകാരം നൽകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനവകുപ്പിനോട് ആവശ്യപ്പെട്ടത് തുടർനടപടികൾ അധികം വൈകില്ലെന്ന സൂചനയാണ് നൽകുന്നത്.

More articles

Latest article