ആല്‍പൈന്‍ ചുരത്തിലൂടെ ഒരു യാത്ര; സ്വിറ്റ്സര്‍ലാന്‍ഡിലെ സെന്റ് ഗോത്താര്‍ഡ് തുരങ്കം വിസ്മയമാണ്

തുരങ്കങ്ങളുടെ നാടായ സ്വിറ്റ്സര്‍ലാന്‍ഡിലെ ഏറ്റവും നീളം കൂടിയ തുരങ്കവും ലോകത്തിലെ നാലാമത്തെ വലിയ ഭൂഗര്‍ഭ പാതയാണ് പതിനേഴ് കിലോമീറ്റര്‍ ദൂരമുള്ള സെന്റ് ഗോത്താര്‍ഡ് തുരങ്കം. അതിലൂടെ യാത്രചെയ്ത അവിസ്മരണീയമായ അനുഭവം പങ്കുവെക്കയാണ് ടോം കുളങ്ങര.

ടോം കുളങ്ങര

സൂം മീറ്റിംഗും ക്ലബ്ഹൗസും മാത്രമായി ഹൗസില്‍ തന്നെ ചടഞ്ഞിരുന്ന് നേരംപോക്കില്ലാതെ മടുത്തിരുന്ന ചങ്ങാതിക്കൂട്ടത്തിലെ ചങ്ങാതിമാരെല്ലാം രണ്ട് ഡോസ് വാക്സിനും എടുത്ത് കഴിഞ്ഞപ്പോള്‍ ഒരു മോഹം. ഒരിടത്തൊരു രാത്രി ഒത്തുകൂടി ആടിപ്പാടിയാലോ എന്ന്. രോഗികള്‍ ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ഒന്നായതുകൊണ്ട് കാര്യങ്ങള്‍ക്ക് പെട്ടെന്ന് തീരുമാനമായി. ചങ്ങാതിക്കൂട്ടത്തിന്റെ ചങ്കായ ആന്റണി പനയ്ക്കലിന്റെ സ്വന്തം ടെസ്സിനില്‍ സമ്മേളിക്കാന്‍ ഐകകണ്ഠ്യേന തീരുമാനമായി. ഏറെക്കാലത്തിനുശേഷമുള്ള ആ സംഗമത്തിന്റെ ആവേശത്തിമിര്‍പ്പിലായി ചങ്ങാതിക്കൂട്ടം.

ആല്‍പൈന്‍ ചുരത്തിലൂടെ ഒരു മനോഹര യാത്ര

സ്വിറ്റ്സര്‍ലാന്‍ഡിന്റെ തെക്കുഭാഗത്തേക്ക് പോകുന്ന ദേശീയ പാതയിലുള്ള വളരെ പ്രധാനപ്പെട്ട ഒരു ആല്‍പൈന്‍ ചുരമാണ് സെന്റ് ഗോത്താര്‍ഡ്. ചുരം കയറാതെ തുരങ്കത്തില്‍ കയറിയാല്‍ യാത്ര സുഖവും സമയം ലാഭവും മാത്രമല്ല ഇന്ധനവും ലാഭിക്കാം. 58 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ റെയിവേ പാതയും കടന്ന് പോകുന്നത് ഈ ചുരത്തിലൂടെയാണ്.

പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണി കൂടിയായാലോ? സാധാരണ ദിവസങ്ങളില്‍ തന്നെ ഗതാഗതക്കുരുക്ക് ഏറെയുള്ള ഒരു ടണലാണിത്. ഞങ്ങളുടെ യാത്ര വാരാന്ത്യത്തിലും. അതുംപോരാത്തതിന് കൂനിന്‍മേല്‍ കുരു എന്ന് പറഞ്ഞപോലെ സ്വിസ്സിലെ പല സംസ്ഥാനങ്ങളിലും വേനല്‍ക്കാല അവധി ആരംഭിക്കുന്ന ദിനം കൂടിയാണ്. തെക്കന്‍ സംസ്ഥാനമായ ടെസ്സിനിലേയ്ക്കും തൊട്ടടുത്ത രാജ്യമായ ഇറ്റലിയിലേയ്ക്കും മറ്റും അവധി ആഘോഷിക്കാന്‍ പോകുന്നവരുടെ ഗതാഗതക്കുരുക്കില്‍ ഞങ്ങളുംപെടുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ട്രാഫിക്ക് ജാമില്‍ അധികം നേരം കാത്ത് കിടക്കാതിരിക്കുവാന്‍ ഏക വഴി അതിരാവിലെ തന്നെ യാത്ര തിരിക്കുക എന്നതാണ്. അങ്ങനെ നേരം പരപരാ വെളുത്തപ്പോഴേ ഞാനും സുഹൃത്തും ബാസലില്‍ നിന്നും യാത്ര ആരംഭിച്ചു.

പ്രഭാതക്കുളിരില്‍ കുളിച്ച് നില്‍ക്കുന്ന ഹൈവേയിലൂടെ ഞങ്ങള്‍ സാമാന്യം വേഗത്തില്‍ തന്നെ വണ്ടി ഓടിച്ചു. ബാസലില്‍ നിന്നും ഗോത്താര്‍ഡ് തുരങ്കത്തിലേയ്ക്ക് 170 കിലോമീറ്റര്‍ ദൂരമുണ്ട്. ഗതാഗതക്കുരുക്ക് ഇല്ലെങ്കില്‍ ഏകദേശം രണ്ടരമണിക്കൂര്‍ കൊണ്ട് അവിടെയെത്താം. പതിനഞ്ച് കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേ നാവിപ്പെണ്ണ് മുന്നറിയിപ്പ് തന്നു. തോമസ്സുകുട്ടി വേറെ വഴിക്ക് വിട്ടോടാ, തുരങ്കത്തില്‍ ഇപ്പഴേ ഗതാഗത തടസ്സം തുടങ്ങിയിരിക്കുന്നു. ആ മുന്നറിയിപ്പ് കാര്യമാക്കാതെ ഞങ്ങള്‍ മുന്നോട്ട് പോകേ നാവിപ്പെണ്ണ് വേറെ വഴി വേണോ, വഴി എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടോയിരുന്നു. അത് അലോസരമായപ്പോള്‍ നാവിഗേഷന്‍ ഓഫ് ചെയ്ത് പ്രയാണം തുടര്‍ന്നു. പാവം നാവിപ്പെണ്ണിനറിയില്ലല്ലോ ഞങ്ങള്‍ തുരങ്കം ഷൂട്ട് ചെയ്യാനും കൂടിയാണ് അതിലെ പോകുന്നതെന്ന്.

ടണല്‍ കഴിഞ്ഞിട്ടാവാം പ്രാതലെന്ന് യാത്രാരംഭത്തിലേ തീരുമാനിച്ചിരുന്നു. എന്നാല്‍ മൂത്രശങ്കയെ അതുവരെ പിടിച്ച് നിറുത്താനാവില്ലല്ലോ. വലിയ ഗതാഗതക്കുരുക്കില്‍ പെടുന്നതിനു മുന്‍പേ കാര്യം സാധിച്ചില്ലെങ്കില്‍ പണി പാളും. അതുകൊണ്ട് അടുത്ത് കണ്ട പാര്‍ക്കിംഗില്‍ കയറി കാര്യം സാധിച്ചു. ചുറ്റും മലകള്‍ അവിടെ നിന്നാല്‍ ശാന്തസുന്ദരമായ പ്രകൃതിയുടെ നല്ല കാഴ്ചകള്‍ അതും വേഗം ക്യാമറയിലാക്കി യാത്ര തുടര്‍ന്നു. കുറച്ച് കഴിഞ്ഞതേ കുരുക്ക് മുറുകി തുടങ്ങിയിരിക്കുന്നു. ഇനി ഈ കുരുക്ക് അഴിയാന്‍ ആറ് കിലോമീറ്റര്‍ കൂടി കഴിയണം. ഒച്ചിന് വരെ തോല്‍പിക്കാവുന്ന വേഗതയില്‍ ഞങ്ങളുടെ കാറ് നിരങ്ങി നീങ്ങി. മുന്നിലും പിന്നിലും നീണ്ട നിര.

ഇത് തുരങ്കങ്ങളുടെ നാട്

ദേശീയപാതയിലെ രണ്ടുവരി പാതകള്‍ തുരങ്കത്തിനുള്ളിലേക്ക് കയറുന്ന മുമ്പായി രണ്ടു ദിശകളിലും ഒറ്റവരിപ്പാതയാകുന്നു. തുരങ്കത്തിലെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററും, ദേശീയപാതയിലെ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററുമാണ്. വീക്കെന്‍ഡിലും അവധി ദിനങ്ങളിലുമുള്ള വാഹനങ്ങളുടെ എണ്ണകൂടുതല്‍, അധികം വാഹനങ്ങള്‍ തുരങ്കത്തിലൂടെ ഒന്നിച്ച് കടത്തിവിട്ട് ടണലിനുള്ളില്‍ ഗതാഗത തടസം സംഭവിക്കാതിക്കാന്‍ തുരങ്കത്തിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നല്‍ ഇതൊക്കെയാണ് ഈ തുരങ്കത്തിലെ ഗതാഗതക്കുരുക്കിന്റെ കാരണങ്ങള്‍.

തുരങ്കങ്ങളുടെ നാടായ സ്വിറ്റ്സര്‍ലാന്‍ഡിലെ ഏറ്റവും നീളം കൂടിയ തുരങ്കവും ലോകത്തിലെ നാലാമത്തെ വലിയ ഭൂഗര്‍ഭ പാതയാണ് പതിനേഴ് കിലോമീറ്റര്‍ ദൂരമുള്ള ഈ തുരങ്കം. 1970 മെയ് 5 ന് പണി തുടങ്ങിയ തുരങ്കം പത്തു വര്‍ഷങ്ങള്‍കൊണ്ട് പണി പൂര്‍ത്തിയാക്കി 1980 സെപ്റ്റംബര്‍ 5 ന് ഫെഡറല്‍ കൗണ്‍സിലറായ Hans Hürlimann യാത്രക്കായ് തുറന്ന് കൊടുത്തു. 750 മീറ്റര്‍ ഇടവേളകളില്‍ മൂന്ന് മീറ്റര്‍ വീതിയിലും, 41 മീറ്റര്‍ നീളത്തിലും ബ്രേക്ക്ഡൗണ്‍ ബേകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരോ 125 മീറ്ററിലും അഗ്നിശമന ഉപകരണങ്ങളും, അടിയന്തര ടെലിഫോണുകളും, കൂടാതെ ഓരോ 250 മീറ്ററിലും 60 പേര്‍ക്ക് താമസിക്കുവാന്‍ കഴിയുന്ന ഓവര്‍ പ്രഷര്‍ വെന്റിലേഷനോടു കൂടിയ ഷെല്‍ട്ടറുകളുമുണ്ട്. ഇവയാകട്ടെ റെസ്‌ക്യൂ ടണലുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്.

2001 ഒക്ടോബര്‍ 24ന് രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടുത്തമുണ്ടായപ്പോള്‍ പതിനൊന്ന് പേര്‍ മരിക്കുകയും, നിരവധിപേര്‍ക്ക് പരിക്കേറ്റതുമാണ് ഈ തുരങ്കത്തിലെ ഏറ്റവും വലിയ അപകടം. തീപിടുത്തത്തിനു ശേഷം സുരക്ഷ മെച്ചപ്പെടുത്തന്നതിന്റെ ഭാഗമായി മണിക്കൂറില്‍ 150-ല്‍ കൂടുതല്‍ ട്രക്കുകള്‍ തുരങ്കത്തിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. കൂടാതെ തുരങ്കത്തിനകത്തൂടെ ട്രക്കുകള്‍ 150 മീറ്റര്‍ സുരക്ഷാ അകലം പാലിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ടണലിനകത്തെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായും പരിമിതിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ തുരങ്കം എന്ന കടമ്പ ഞങ്ങള്‍ അനായാസേന മറികടന്നു. ഇരുട്ടിന്റെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണു കിട്ടിയ വെളിച്ചം ഞങ്ങള്‍ ആവോളം ആസ്വദിച്ചു. ഇനി അടുത്ത പരിപാടി പാര്‍ക്കിംഗില്‍ കേറണം പ്രാതല്‍ കഴിക്കണം.

( തുടരും)