ആതിര പി കെ
രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് നൈതികതയില്‍ ഊന്നിയ എത്ര വലിയ ശരിയാണെന്ന് പൊതുസമൂഹത്തെ പഠിപ്പിച്ച തുറന്ന പുസ്തകം. വിശപ്പും സങ്കടവും ദുരിതവും കുഴച്ചുവെച്ച ബാല്യത്തിനുടമ, ജാതിക്കുശുമ്പിനെ,അടിമത്വത്തെ അരഞ്ഞാണം കൊണ്ട് അടിച്ചു തോല്‍പ്പിച്ച യൗവനത്തിലൂടെ കടന്നുവന്നവന്‍, കേരളജനതയുടെ കണ്ണും കരളുമായ മനുഷ്യന്‍, അതായിരുന്നു സാക്ഷാല്‍ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്ചുതാനന്തന്‍. തോറ്റവരുടെ തോഴന്‍, എല്ലാ അഴിമതിക്കാരുടെയും ആജന്മ ശത്രു, കുട്ടികളുടെ അച്ചുമാമന്‍, അങ്ങനെ ഇനിയും വിശേഷണങ്ങള്‍ ഏറയാണ് അദ്ദേഹത്തിന്. ഇന്ന് സമരവും പോരാട്ടവും ജീവവായുമായി കണ്ട ആ കര്‍മ്മപഥം നൂറിന്റെ നിറവില്‍ എത്തി നില്‍ക്കുകയാണ്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് വിശേഷിപ്പിക്കേണ്ട അസാധാരണ മനുഷ്യനാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍. ഒളിച്ചു വയ്ക്കാന്‍ യാതൊന്നുമില്ലെന്ന് പറഞ്ഞ ജീവിതമായിരുന്നു സഖാവിന്റേത്. മുഖ്യമന്ത്രിയെക്കാള്‍ പ്രതിപക്ഷ നേതാവിനെ സ്‌നേഹിക്കാന്‍ ജനങ്ങളെ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. അധര്‍മ്മപക്ഷത്തുനിന്ന് ജയിക്കുന്നതിനേക്കാള്‍, ധര്‍മ്മപക്ഷത്തുനിന്ന് തോല്‍ക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ഈ മനുഷ്യന്‍ കടന്നുവന്ന വഴികള്‍ ദുര്‍ഘടം നിറഞ്ഞതായിരുന്നു.
അതേസമയം തന്നെ പ്രായത്തിന്റെ വെല്ലുവിളികള്‍ നേരിടുമ്പോഴും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നതും വിഎസിനെ വ്യത്യസ്ഥനാക്കുന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനകീയത കൈവരിക്കാന്‍ സാധിച്ചു എന്നതാണ് അച്യുതാന്റെ ജീവിതവിജയം. അതുകൊണ്ടുതന്നെ പതിനേഴാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഇദ്ദേഹം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പാഠപുസ്തകമാണ്.
എടുത്ത നിലപാടുകളുടെ പേരില്‍ വികസനവിരോധിയെന്നും വെട്ടിനിരത്തല്‍ വീരനെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടും ഇതിനൊന്നും ചെവികൊടുക്കാതെ ഉറച്ചുനിന്ന വിഎസ് പിന്നീട് ജനകീയ നേതാവായെങ്കില്‍ അതിന് പിന്നില്‍ ചരിത്രത്തിന്റെ പ്രതികാരം കൂടിയുണ്ട്.
1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച വിഎസ് സ്വന്തം വിധിയോട് തന്നെ പോരാടിയാണ് ബാല്യകൗമാരങ്ങള്‍ അതിജീവിച്ചത്. നന്നേ ചെറുപ്പത്തില്‍ തന്നെ അനാഥനായ ആ ബാലന്‍ ഏഴാം ക്ലാസില്‍ പഠനമുപേക്ഷിച്ച് ജീവിതത്തോട് പോരാടാന്‍ ഇറങ്ങി തിരിക്കുകയായിരുന്നു. ഉപജീവനത്തിനായി ജൗളിക്കടയില്‍ ജോലി ചെയ്യേണ്ടി വന്ന കൗമാരക്കാരനില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് വരെ എത്തിയ ആ യാത്രയില്‍, താണ്ടേണ്ടി വന്നത് നിരവധി ഭാഗ്യ പരീക്ഷണങ്ങളായിരുന്നു. ഇങ്ങനെ 1996 ല്‍ മാരാരിക്കുളത്തേറ്റ അപ്രതീക്ഷിത പരാജയം അത്തരത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ വിഭാഗീയതയുടെ ഉണങ്ങാത്ത മുറിവായി രേഖപ്പെട്ടടുത്തിയിട്ടുണ്ട്. ആ പരാജയം വിഎസിന് നഷ്ടപ്പെടുത്തിയത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയായിരുന്നു.
91 ലും 2001 ലും വിഎസ് ജയിച്ചപ്പോള്‍ പാര്‍ട്ടി തോറ്റു. പാര്‍ട്ടി ജയിക്കുമ്പോള്‍ തോല്‍ക്കുകയും പാര്‍ട്ടി തോല്‍ക്കുമ്പോള്‍ ജയിക്കുകയും ചെയ്യുന്ന നിര്‍ഭാഗ്യവാനായ നേതാവ് എന്നും വിഎസ് പരിഹസിക്കപ്പെട്ടു. 2006 ല്‍ പാര്‍ട്ടി വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ആയിരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും മാത്രമായിരുന്നില്ല, സാധാരണക്കാരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. ഇതുതന്നെ വി എസ്സിലെ ജനകീയനെ അടയാളപ്പെടുത്
ഒടുവില്‍ പാര്‍ട്ടിക്ക് ജനവികാരത്തിന് മുന്‍പിലും, വിഎസിന് മുന്‍പിലും മുട്ടുമടക്കേണ്ടിവന്നു. വിഎസ് മത്സരിച്ച് ജയിച്ച് കേരളത്തിന്റെ ഇരുപതാമത് മുഖ്യമന്ത്രിയായി. പിന്നീടങ്ങോട്ട് കൈപ്പും മധുരവും കലര്‍ന്ന രാഷ്ടരീയ ജീവിതമായിരുന്നു. എങ്കിലും എല്ലാറ്റിനുമൊടുവില്‍ വിഎസ് ആയിരുന്നു ശരി എന്നൊരു അടിക്കുറിപ്പിലാണ് കാലം അദ്ദേഹത്തെ അടയാളപ്പെടുത്തിയത്.
നിശ്ചയദാര്‍ഢ്യമാണ് വി.എസ്സിന്റെ പ്രത്യേകത. ഒരു കാര്യം തീരുമാനിച്ചാല്‍ അതിനായി അങ്ങേയറ്റം പൊരുതും. വര്‍ഗീയ ശക്തികളെ എല്‍ഡിഎഫില്‍ എടുക്കേണ്ട എന്ന നിലപാട് മുതല്‍ കെ. കരുണാകരനെയും കെ.എം മാണിയേയും എല്‍ഡിഎഫില്‍ വേണ്ട എന്ന തീരുമാനംവരെ ചില ഉദാഹരണങ്ങള്‍ മാത്രം. ഇങ്ങനെ മൂല്യബോധത്തിന്റെ, രാഷ്ട്രീയ ഇച്ഛാശക്തിയുടെ, നിശ്ചയദാര്‍ഢ്യത്തിന്റെ മഹാപര്‍വ്വത്തിന് കാലം ഇന്ന് നൂറു വര്‍ഷങ്ങള്‍ സമ്മാനിച്ചിരിക്കുന്നു.
അവശതകള്‍ ശരീരത്തെ തളര്‍ത്തിയപ്പോഴും മനസ്സിലെ സമരവീര്യവും ആദര്‍ശവും ഒട്ടും ചോരാതെ കാത്ത് സൂക്ഷിച്ച്, മൂല്യബോധത്തിന്റെ കനലുകളും, മുനയൊടിയാത്ത വാരിക്കുന്തവും, ഉള്ളിലും ഉടലിലും ചേര്‍ത്തുവെച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ അവസാന സാക്ഷ്യപത്രമായ സഖാവ് വിഎസിന് ലോഗിന്‍ കേരളയുടെ ജന്മദിനാശംസകള്‍. സഖാവേ നിങ്ങളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്.