ചിറ്റൂർ റേഞ്ചിലെ രണ്ട് കള്ള് ഷാപ്പുകളിൽ നിന്നുള്ള കള്ളിന്റെ സാമ്പിൾ പരിശോധനയിലാണ് കഫ് സിറപ്പിന്റെ(ചുമയുടെ മരുന്ന്) സാന്നിദ്ധ്യം കണ്ടെത്തിയത്. എക്‌സൈസ് വകുപ്പ് ശേഖരിച്ച സാമ്പിളിന്റെ രാസപരിശോധന ഫലം പുറത്തു വന്നപ്പോളാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ ഒമ്പതിലെ വണ്ണാമട(നമ്പർ 36), കുറ്റിപ്പള്ളം(59 ) ഷാപ്പുകളിൽ നിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ഫലം ലഭിച്ചത്.
ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽ നിന്നും കണ്ടെത്തിയത്. വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള രാസപദാർത്ഥമാണിത്. മുമ്പ് സ്പിരിറ്റ് ഉൾപ്പെടെയുള്ളവ കള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് കള്ളിൽ കഫ് സിറപ്പിന്റെ അംശം കണ്ടെത്തുന്നത്. പാലക്കാട് ജില്ലയിലെ വിവിധ ഷാപ്പുകളിലും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചിരുന്നു. കാലാവധി കഴിഞ്ഞ കഫ് സിറപ്പുകളായിരിക്കാം കള്ളിൽ കലർത്തിയിരിക്കുകയെന്നാണ് എക്സെെസിന്‍റെ നിഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ കള്ള് ഷാപ്പുകളിൽ വ്യാപകമായി അന്വേഷണം നടത്താനാണ് എക്സൈസിൻ്റെ നീക്കം. എന്നാൽ ഫലം ലഭിക്കാൻ മാസങ്ങളെടുക്കുമെന്നത് അധികൃതർക്ക് വെല്ലുവിളിയാണ്.
Leave feedback about this