ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ ഭാഗമായി ഐസിസി ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയുടെ നട്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ മാതൃക ഒരുക്കി ലോക റെക്കോര്‍ഡില്‍ ഇടം നേടി ലുലു മാള്‍ ബെംഗ്ലൂരു. 16135 നട്ടുകള്‍ ഉപയോഗിച്ചാണ് ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയുടെ മാതൃക നിര്‍മ്മിച്ചത്. 10 അടി ഉയരവും 370 കിലോ ഭാരവുമാണ് ലുലു മാളിലൊരുക്കിയ ഈ വേള്‍ഡ് കപ്പ് മോഡലിനുള്ളത്. വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്‍ പ്രതിനിധികളുടെയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനിലെ ഭിന്നശേഷിക്കാരായ താരങ്ങളുടെയും സാന്നിദ്ധ്യത്തില്‍ നട്ടുകള്‍ കൊണ്ടൊരുക്കിയ ലോകകപ്പ് മാതൃകയുടെ മോഡല്‍ മാളിലെ നോര്‍ത്ത് ഏട്രിയത്തില്‍ അനാച്ഛാദനം ചെയ്തു.
വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്‍ ലുലു മാളില്‍ നേരിട്ടെത്തി നടത്തിയ വിലയിരുത്തലിന് ശേഷമാണ് റെക്കോര്‍ഡ് പ്രഖ്യാപിച്ചത്. ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ 2023ന്റെ അതേ മാതൃകയിലാണ് ഈ ക്രിക്കറ്റ് ലോകകപ്പ് മാതൃകയും ലുലുവില്‍ തയാറാക്കിയിരിക്കുന്നത്. ഉപഭോക്താകള്‍ക്ക് മനോഹരമായ കാഴ്ചയാണ് ഈ ലോകകപ്പ് മോഡല്‍ സമ്മാനിക്കുന്നത്. ലുലു ഇവന്റസ് ടീം 12 ദിവസം നീണ്ട പ്രയത്‌നത്തിലാണ് ഈ ലോകകപ്പ് മോഡല്‍ നിര്‍മ്മിച്ചത്. പ്ലാസ്റ്ററോപാരിസ് ഷീറ്റില്‍ നട്ടുകള്‍ ചേര്‍ത്ത് ലോകകപ്പ് മാതൃകയില്‍ വെല്‍ഡ് ചെയ്താണ് ഈ ലോകകപ്പ് മാതൃക നിര്‍മ്മിച്ചത്.
വേള്‍ഡ് റെക്കോര്‍ഡ് ലോകകപ്പ് കാണാനും സെല്‍ഫിയെടുക്കാനും മാളില്‍ ഉപഭോക്താകള്‍ക്ക് പ്രത്യേകം അവസരമൊരുക്കിയിട്ടുണ്ട്. ഈ മാസം 30 വരെ ഈ ലോകകപ്പ് മാതൃക മാളില്‍ പ്രദര്‍ശിപ്പിക്കും. ലുലുവിന്റെ ഏറ്റവും മികച്ച ആസൂത്രണവും സാങ്കേതിക തികവുമാണ് ഈ ലോകകപ്പ് മാതൃകയിലൂടെ വ്യക്തമായതെന്ന് വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്‍ അഭിപ്രായപ്പെട്ടു.
ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു കര്‍ണാടക റീജിയണല്‍ ഡയറക്ടര്‍ ഷെരീഫ് കെ.കെ, ലുലു തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍, ലുലു മാള്‍ ബെംഗ്ലൂരു ജനറല്‍ മാനേജര്‍ കിരണ്‍ പുത്രന്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ മദന്‍ കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി