Uncategorized

ഉത്തര്‍പ്രദേശില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍

ലക്‌നൗ: നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍. തിങ്കളാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ രുദ്രപൂര്‍ കോട്വാലി ഗ്രാമത്തിലായിരുന്നു സംഭവം. ആട് മേയ്ക്കാന്‍ പോയ സഹോദരിയുടെ അടുത്തേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടിയും മൂത്ത സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. ഉച്ചയോടെ നാലുവയസുകാരിയെ ഉറക്കിയശേഷം സഹോദരി സമീപത്തെ പറമ്പിലേക്ക് ആട് മേയ്ക്കാന്‍ പോയി. പിന്നീട് ഉറക്കമുണര്‍ന്ന പെണ്‍കുട്ടി സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു. വഴിയില്‍ അതേ ഗ്രാമത്തില്‍ നിന്നുള്ള 14 കാരന്‍ കുട്ടിയെ വശീകരിച്ച് വയലിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ബലാത്സംഗം ചെയ്യുകയും പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു.

പ്രതിയായ കൗമാരക്കാരനെ പിടികൂടി ജുവനൈല്‍ ഹോമിലേക്ക് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.