archive lk-special

ഇന്ന് തുലാം പത്ത്, വടക്കന്റെ മണ്ണിൽ തെയ്യാട്ടക്കാലം, തെയ്യങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഉത്തരമലബാര്‍

ഇന്ന് തുലാം പത്ത്, പത്താം ഉദയം. ഉത്തര മലബാറില്‍, വടക്കന്റെ മണ്ണിൽ ഇനി ഊണും ഉറക്കവുമില്ലാതെ രാവുകളെ പകലുകളാക്കുന്ന തെയ്യങ്ങളുടെ കാലമാണ്. തെയ്യാട്ടക്കാവുകളുടെ മച്ചകങ്ങളില്‍ നിന്നും ഗുളികനും ഘണ്ടകര്‍ണനും തീച്ചാമുണ്ഡിയും വസൂരിമാലയും മണ്ണിലേക്കിറങ്ങി ഉത്സവ പുലരി തീര്‍ക്കുന്ന പുണ്ണ്യ ദിനങ്ങൾ. കാവുകളിലും, കഴകങ്ങളിലും തറവാട് മുറ്റങ്ങളിലും ഇനി തെയ്യങ്ങളുടെ അട്ടഹാസങ്ങളും വായ്ത്തരികളും കൊണ്ട് മുഖരിതമാവും. ചിലമ്പൊലിയുടെയും ചെണ്ടവാദ്യത്തിന്റെയും താളലയങ്ങള്‍ ഒത്തുചേരുന്നതോടെ കോലത്തു നാട്ടുകാര്‍ക്ക് ഇനി ഉറക്കമില്ല നാളുകളാണ്.
 
ഉത്തരകേരളത്തിലെ ജനങ്ങളുടെ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന അനുഷ്ഠാന കലാരൂപമാണ് തെയ്യം. ഈശ്വര ഭക്തിയും സാമൂഹിക ചിന്തയും സമ്മേളിക്കുന്ന അനുഷ്ഠാന ചടങ്ങ്. തുലാമാസത്തിലെ പത്താമുദയതിതോടെയാണ് വടക്കന്‍ കേരളത്തില്‍ ഓട്ടുചിലമ്ബുകള്‍ കലമ്ബുന്ന തെയ്യക്കാലവും പിറക്കുന്നത്. ശേഷം ജൂണ്‍ അവസാനം വരെയുള്ള കാലത്ത് മലബാറിലെ കാവുകളില്‍ തെയ്യങ്ങള്‍ നിറഞ്ഞാടുന്നു.

തുലാമാസം പത്താം തിയ്യതി കൊളച്ചേരി വിഷകണ്ഠന്‍ ക്ഷേത്രം ,നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് തെയ്യക്കാലം തുടങ്ങുന്നത്. തെയ്യത്തെ പ്രാര്‍ഥിച്ചു ഉണര്‍ത്തുന്ന പാട്ടായ തോറ്റംപാട്ട് പാടിയാണ് തെയ്യം തുടങ്ങുന്നത്.  തെയ്യങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനുമാണ് തോറ്റം പാട്ടുകള്‍ പാടുന്നത്. തുടര്‍ന്ന് തെയ്യം ഉറഞ്ഞുതുള്ളും

നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യം അനുഷ്ഠാനത്തിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ മുച്ചിലോട്ട് ഭഗവതി ഇതിനൊരുദാഹരണമാണ്. കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു കതിവന്നൂർ വീരൻ ഇതിനുദാഹരണമായി കണക്കാക്കാം. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല  വടക്കന്‍ കേരളത്തില്‍, പ്രധാനമായും വടകര മുതല്‍ കാസര്‍കോട് വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിലെ തനത് അരാധനാ സമ്പ്രദായമായ തെയ്യം, മനുഷ്യന്‍ ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളുകയും അതിലൂടെ ദേവതയെ പ്രീതിപ്പെടുത്തുകയും തിരിച്ചു ദേവത സമൂഹത്തിന് ഐശ്വര്യവും സമാധാനവും നല്‍കുകയും ചെയ്യുന്ന വിശ്വാസപ്രക്രിയയാണ് കരുതുന്നത്. കളിയാട്ടം എന്നും ചിലയിടങ്ങളില്‍ ഇത് അറിയപ്പെടുന്നുണ്ട്.

ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന കലാരൂപമാണ്. പ്രകൃതിയോടിണങ്ങിയ ആചാര അനുഷ്ടാന കലാരൂപമാണ് തെയ്യങ്ങള്‍.  

ദൈവം ആട്ടം എന്നീ പദങ്ങള്‍ ചേര്‍ന്ന് ദൈവ ആട്ടം എന്ന കലാരൂപമായാണ് തെയ്യം ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് അത് തെയ്യാട്ടം ആയും തെയ്യം ആയും പരിണമിച്ചു എന്നാണു വിശ്വസിക്കുന്നത്. 1500-ഇല്‍ പരം വര്‍ഷങ്ങളുടെ ചരിത്രം തെയ്യത്തിനുണ്ട്. മലബാര്‍ പ്രദേശങ്ങളിലും, ദക്ഷിണ കര്‍ണാടക സംസ്ഥാനങ്ങളിലും ആണ് തെയ്യം എന്ന കലാരൂപം കൂടുതലായി ഉള്ളത്. അറിയപ്പെടുന്ന 450-ഓളം തെയ്യങ്ങള്‍ ഉണ്ടെങ്കിലും നിലവില്‍ 50-നും 60-നും ഇടയില്‍ തെയ്യങ്ങള്‍ ആചരിച്ചു പോരുന്നു എന്നാണ് കണക്ക്. ഓരോ തെയ്യത്തിന്മേലും മിത്തുകളും ആചാരങ്ങളും കലയും സമന്വയിക്കപ്പെട്ടിരിക്കുന്നു. അമ്മ ദൈവങ്ങളും വീരന്മാരും ഇതിഹാസ കഥാപാത്രങ്ങളും വനദൈവങ്ങളും തറവാടുകളില്‍ കാരണവര്‍ വെച്ചാരാധിക്കുന്ന വിവിധ മൂര്‍ത്തികളുമെല്ലാം തെയ്യങ്ങളായി കെട്ടിയാടുന്നു. വണ്ണാന്‍, മലയന്‍, മാവിലന്‍, വേലന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയര്‍, കോപ്പാളര്‍ തുടങ്ങിയവ വിഭാഗക്കാരാണ് സാധാരണ തെയ്യക്കോലങ്ങള്‍ കെട്ടുന്നത്. നിശ്ചിത തെയ്യങ്ങള്‍ നിശ്ചിത വിഭാഗക്കാര്‍ മാത്രമേ അവതരിപ്പിക്കൂ. അതായത് ഓരോ കാവുകള്‍ക്കും തെയ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ പരമ്പരാഗതമായ ചില നിബന്ധനകളുണ്ട്. അതനുസരിച്ചാണ് തെയ്യക്കോലങ്ങള്‍ കെട്ടുന്നത്.

തെയ്യത്തിന്റെ മുടിയും ആഭരണവും നിര്‍മിക്കുന്നത് പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ്. മുഖത്തെഴുത്തിനും തെയ്യം കെട്ടുന്നതിനും പ്രകൃതി ദത്തമായ വസ്തുക്കള്‍ തന്നെ ഉപയോഗിച്ചുവരുന്നു. കളിയാട്ട കാവുകളിലെ തോരണങ്ങളും പ്രകൃതിയോട് ഇഴകി ചേര്‍ന്നതാണ്. ചുരുക്കിപറഞ്ഞാല്‍ മുഖത്തെഴുത്ത് മുതല്‍ അണിയലം വരെ എല്ലാം പ്രകൃതിദത്തം. ആചാരനിഷ്ഠയോടും വൃതശുദ്ധിയോടുമാണ് ചമയങ്ങള്‍ ഒരുക്കുന്നത്. മരം, ലോഹം, മയില്‍പ്പീലി, തുണി, മുള, കുരുത്തോല, വാഴപ്പോള എന്നിവയ്‌ക്കൊപ്പം പുഷ്പങ്ങളും ചമയങ്ങളില്‍ ഉപയോഗിക്കുന്നു. ഓരോ  തെയ്യത്തിന്റെയും അലങ്കാരങ്ങള്‍ വ്യത്യസ്ഥമാണ്. നിറത്തിലും, രൂപത്തിലും ആകൃതിയിലും വൈവിധ്യങ്ങള്‍ നിറയും.

ഭക്തരുടെ കണ്ണീരൊപ്പുന്ന അമ്മ ദേവതകളായും,വീര പുരുഷന്മാരായുമാണ് തെയ്യക്കോലങ്ങള്‍ കാവുകളിലും കോട്ടങ്ങളിലും  കഴകങ്ങളിലും കെട്ടിയാടുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിലൂടെ മാത്രമേഒരാള്‍ക്ക് തെയ്യം കെട്ടാന്‍ പറ്റൂ. എന്നാല്‍ ഇത് മാത്രമല്ല തെയ്യങ്ങളുടെ പ്രതകതകള്‍ മറിച്ച് തെയ്യത്തിലെ മാപ്പിളചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം തുടങ്ങിയവ മലബാറിന്റെ സാമൂഹിക ഒത്തൊരുമയ്ക്ക് തന്നെ ഉദാഹരണങ്ങളാണ്. അതുകൊമ്ടുതന്നെ തെയ്യം ജാതിമത ഭേതമനാ്യേയാണ് വടക്കന്റെ മണ്ണ് കൊണ്ടാടുന്നത് ന്നെതും നാടിന്റെ മതസൗഹാര്ദദ്ദത്തെ അടയാളപ്പെടുത്തുന്നു.

അതതു നാടിന്റെ ഐശ്വര്യങ്ങളാവുന്നു ഓരോ തെയ്യക്കാവുകളും… ‘കാവു തീണ്ടല്ലേ, കുടിവെള്ളം മുട്ടും’ എന്ന് പഴമക്കാര്‍ പറഞ്ഞത് വെറും അന്ധവിശ്വാസം കൊണ്ടല്ല.., ഓരോ നാടിന്റെയും കാലാവസ്ഥയും ആവാസവ്യവസ്ഥയും നിലനിര്‍ത്തുന്നതില്‍ കാവുകള്‍ക്കുള്ള പ്രാധാന്യം കൊണ്ട് കൂടിയാണ്… നൂറ്റാണ്ടുകള്‍ പഴക്കമുള്ള മിത്തുകളും നാളിതുവരെ മുടങ്ങാത്ത ആചാരനുഷ്ഠനങ്ങള്‍ക്കുമപ്പുറം ഒരു ദേശത്തിന്റെ സംസ്‌ക്കാരവും പൈതൃകവുമെല്ലാം ചേരുന്ന കലാരൂപം കൂടിയാണ് തെയ്യം. ഉത്തര കേരളത്തിലെ കളിയാട്ടക്കാവുകള്‍ക്കും, കോലധാരികാരികള്‍ക്കമെല്ലാം തിരക്കേറുന്നതാണ് ഇനിയുള്ള ദിവസങ്ങള്‍. കേരളം ദൈവത്തിന്റെ സ്വന്തം നാടെങ്കില്‍ വടക്കേ മലബാര്‍ തെയ്യങ്ങളുടെ നാടാണ് എന്നറിയപ്പെടുന്നതും ഇതുകൊണ്ട് തന്നെയാണ്.