archive

ആലുവയിൽ എട്ട് വയസ്സുകാരിയെ ക്രൂര ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ; തിരുവനന്തപുരം സ്വദേശിയെ പിടികൂടിയത് ആലുവ പാലത്തിന് സമീപമുള്ള പുഴയരികിലെ കുറ്റിക്കാട്ടിൽ നിന്ന്

ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്.ആലുവ പാലത്തിന് സമീപമുള്ള പുഴയരികിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പോലീസ് അന്വേഷിച്ചെത്തിയതും പുഴയിൽ ചാടി നീന്തിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സാഹസികമായി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
 സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പെരുമ്പാവൂരില്‍ മോഷണ കേസിൽ അടക്കം ഇയാള്‍ പ്രതിയാണ്. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് മാസം 10നാണ് ഇയാള്‍ വിയൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. 
ചാത്തൻപുറത്ത്  താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോഴാണ് ക്രിസ്റ്റിൽ വന്ന് തട്ടികൊണ്ടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്.  കുട്ടിയുടെ കരച്ചിൽ കേട്ട് സംശയം തോന്നി നാട്ടുകാർ രംഗത്തിറങ്ങിയതോടെയാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ‌ കഴിഞ്ഞത്. അയൽവാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടൻ തന്നെ ചുറ്റുവട്ടത്ത് താമസിക്കുന്നവരെ വിളിച്ചുണർത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നിൽ താമസിക്കുന്ന അബൂബക്കർ അടക്കമുള്ളവർ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചിൽ തുടർന്നു. വീടുകളിൽ നിന്ന് അല്പം അകലെയുള്ള പാടത്തും തിരഞ്ഞവർ പ്രധാന റോഡിൽ എത്തി. അടച്ചിട്ട കടമുടിക്ക് പരിസരത്ത് നിൽക്കുമ്പോഴായിരുന്നു പ്രാധാന വഴിയിലൂടെ കുട്ടി വിറങ്ങലിച്ചുകൊണ്ട് നടന്ന് വന്നത് കണ്ടത്. കുട്ടി ഹിന്ദിയിൽ സംസാരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ ആണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ തിരിച്ചു വീട്ടിൽ എത്തിച്ചപ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അമ്മയെ വിളിച്ചു തുറപ്പിച്ചു. കുട്ടിയെ കണ്ട അമ്മ ഞെട്ടി നിലവിളിച്ചു. പിന്നാലെ നാട്ടുകാർ പൊലീസിനെ വിളിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. മൂന്നാം ക്‌ളാസിൽ പഠിക്കുന്ന എട്ട് വയസുകാരിക്ക്സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഗുരുതരമായി പരിക്കുണ്ട്‌. 

അതേസമയം കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി സർക്കാർ നല്‍കി.കുട്ടിക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ സർക്കാർ അനുവദിച്ചു. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശിശുവികസന വകുപ്പും സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. ആലുവയിൽ തുടർച്ചയായി ഉണ്ടാകുന്ന ഈ ഭീതിതമായ സാഹചര്യത്തിനെ എതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. അഞ്ച് മാസം പ്രായമുള്ള പെൺകുട്ടിയെ ക്രൂര ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുംമുമ്പാണ് വീണ്ടും ആലുവയിൽ നിന്ന് മനസാക്ഷിയെ നടുക്കുന്ന സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയാണ് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പോലീസ് പരിശോധന പരിശോധന വർധിപ്പിച്ചിട്ടും ഇത്തരം ദാരുണസംഭവങ്ങൾ ആവർത്തിക്കുന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്