എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആരുടെയെങ്കിലും നിർദേശപ്രകാരമല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ റീ എഡിറ്റ് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമ കാരണം ആർക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് ശരിയാക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ട്. ആ വിശ്വാസത്തിന്റെ പേരിൽ തങ്ങൾ ഒന്നിച്ചാണ് സിനിമ റീ എഡിറ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂർ.
‘ഇതിൽ ഭയം എന്നുള്ളതല്ല, നമ്മൾ ഒരു സമൂഹത്തിൽ ജീവിക്കുന്നവരാണ്. മറ്റുള്ളവരെ ദ്രോഹിക്കാനോ, വിഷമിപ്പിക്കാനോ വേണ്ടി ആഗ്രഹിച്ച് സിനിമ ചെയ്യുന്ന ഗ്രൂപ്പല്ല ഞങ്ങളാരും, മോഹൻലാൽ സാറും പൃഥ്വിരാജും അതേ. ഈ സിനിമ കാരണം ആർക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് ശരിയാക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ വിശ്വാസത്തിന്റെ പേരിൽ ഞങ്ങൾ ഒന്നിച്ച് കൂട്ടായി എടുത്ത തീരുമാനമാണ് ഈ എഡിറ്റിങ്. രണ്ട് മിനിറ്റും ഏതാനും സെക്കൻഡുകളും മാത്രമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.
ഇത് മറ്റാരുടെയും നിർദേശപ്രകാരമല്ല, ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം തന്നെ ചെയ്തതാണ്. ഏതെങ്കിലും പാർട്ടിക്ക് എന്നല്ല ഒരു വ്യക്തിക്ക് വിഷമമുണ്ടായാൽ പോലും അത് തിരുത്തണം എന്ന് കരുതുന്നവരാണ് ഞങ്ങൾ. എഡിറ്റഡ് വേർഷൻ ഇന്ന് മുതൽ പ്രദർശിപ്പിക്കും,’ ആന്റണി പെരുമ്പാവൂർ പറഞ്ഞു. മുരളി ഗോപിയ്ക്ക് ഈ തീരുമാനത്തോട് വിയോജിപ്പ് ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്‍റെ പോസ്റ്റ് തിരക്കഥാകൃത്തായ മുരളി ഗോപി ഷെയര്‍ ചെയ്യാത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Leave feedback about this